വാഗാ അതിർത്തിയിൽ പരേഡിനിടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് ബിഎസ്എഫ്. സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്ക് റേഞ്ചേഴ്സിനെ അറിയിച്ചു. ഞായറാഴ്ച നടന്ന പരേഡിനിടെ പാക്കിസ്ഥാന്റെ വശത്തെ ഗ്യാലറിയിൽ ഇരുന്നവർ ആണ് പത്തുമിനിറ്റിലധികം നേരം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്.
ദിവസവും നടക്കുന്ന പരേഡിന് അൽപസമയം മുൻപ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കല്ലേറ് ഉണ്ടായെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 50 മിനിറ്റ് നീണ്ട പരേഡിനു ശേഷം പാക്ക് റേഞ്ചേഴ്സുമായി ഫ്ലാഗ് മീറ്റ് വിളിച്ചാണ് വിഷയം ഉന്നയിച്ചതെന്നു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പൊതുജനങ്ങളുടെ മുന്നിൽ വച്ച് എല്ലാദിവസവും വൈകിട്ട് ഇരുരാജ്യങ്ങളുടെയും പതാക താഴ്ത്തുകയും കവാടം അടയ്ക്കുന്നതുമാണ് ചടങ്ങ്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.