വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിയമം വരുന്നു. വിമാനത്തിനുള്ളിലെ പെരുമാറ്റദൂഷ്യത്തിനു പുറമേ പുറത്ത് വിമാനജീവനക്കാരോട് അപമര്യാദയായി പെരുമാറിയാലും വിലക്കു നേരിടേണ്ടിവരും.
കുറ്റത്തിന്റെ വ്യാപ്തിയനുസരിച്ച് മൂന്നുമാസം മുതല്‍ ആജീവനാന്തം വരെയാകും വിലക്ക്. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് വ്യോമയാനമന്ത്രാലയം സര്‍ക്കാരിനു സമര്‍പ്പിച്ചു. വിമാനക്കമ്പനിയുടെ മോശം സേവനത്തിനെതിരേ സ്വാഭാവികമായി പ്രതികരിക്കുന്ന നിരപരാധികളായ യാത്രക്കാരെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമത്തില്‍ അപ്പീലിന് അവസരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 23-നു ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്‌വാദ് മലയാളിയായ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവമാണു പുതിയ നിയമം കൊണ്ടുവരാന്‍ വ്യോമയാനമന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
യാത്രക്കാരുടെ അതിക്രമങ്ങളെ മൂന്നുതലത്തിലാണു വേര്‍തിരിച്ചിട്ടുള്ളത്. ശാരീരികചേഷ്ടകള്‍, വാക്കാലുള്ള ആക്ഷേപം, മദ്യപിച്ചുള്ള അതിക്രമം എന്നിവയ്ക്കു മൂന്നുമാസം വിലക്കേര്‍പ്പെടുത്തും. പിടിച്ചുതള്ളുന്നതും തൊഴിക്കുന്നതും പോലുള്ള ശാരീരിക അതിക്രമം, ദുരുദ്ദേശ്യത്തോടെയുള്ള സ്പര്‍ശം, ലൈംഗികോപദ്രവം എന്നിവയ്ക്ക് ആറുമാസമാണു വിലക്ക്. ജീവനു ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം, പ്രവര്‍ത്തന സംവിധാനം തകരാറിലാക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍, കോക്പിറ്റില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയവയ്ക്കു രണ്ടുവര്‍ഷം മുതല്‍ ആജീവനാന്ത കാലത്തേക്കുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്താം. ഒരുതവണ വിലക്കു നേരിട്ടയാള്‍ പിന്നീടും പെരുമാറ്റദൂഷ്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെ വ്യക്തമാക്കി.
യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചു വിമാനജീവനക്കാര്‍ക്കു പരാതിപ്പെടാന്‍ എല്ലാ വിമാനക്കമ്പനികളും ഒരു സമിതി രൂപീകരിക്കണം. വിരമിച്ച ജില്ലാ ജഡ്ജിയാകണം സമിതി തലവന്‍. മറ്റൊരു വിമാനക്കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, യാത്രക്കാരുടെ സംഘടനാ പ്രതിനിധി എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. പരാതി ലഭിച്ചാല്‍ 10 ദിവസത്തിനകം യാത്രക്കാരന്‍ കുറ്റക്കാരനാണോ, ആണെങ്കില്‍ കുറ്റത്തിന്റെ വ്യാപ്തി എന്നിവ സമിതി വിശകലനം ചെയ്യണം.
ഇക്കാലയളവില്‍ ആ കമ്പനിയുടെ വിമാനങ്ങളില്‍ കുറ്റാരോപിതനു യാത്ര ചെയ്യാനാകില്ല. സമിതി കുറ്റം കണ്ടെത്തിയാല്‍ വ്യാപ്തിയനുസരിച്ച് മൂന്നുമാസം മുതല്‍ ആജീവനാന്തം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇങ്ങനെ വിലക്കു നേരിടുന്നവരുടെ പട്ടിക വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ചുമതലയിലാകും. വിലക്കു നേരിടുന്ന യാത്രക്കാരന് ആ വിമാനക്കമ്പനിയുടെ ആഭ്യന്തര-രാജ്യാന്തര വിമാനങ്ങളിലൊന്നും യാത്രചെയ്യാനാവില്ല.
മറ്റു വിമാനക്കമ്പനികള്‍ക്കും ഇതേ ശിക്ഷാ കാലയളവില്‍ കുറ്റാരോപിതനു വിലക്കേര്‍പ്പെടുത്താം. എന്നാല്‍, ഇതു നിര്‍ബന്ധമല്ല. കുറ്റാരോപിതന് അപ്പീല്‍ സമര്‍പ്പിക്കാന്‍ വിരമിച്ച െഹെക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മറ്റൊരു സമിതിയുണ്ടാകും. അപ്പീല്‍ കാലയളവിലും വിലക്കുണ്ടാകും.
നിയമത്തിന്റെ കരട് സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു 30 ദിവസത്തിനകം അഭിപ്രായമറിയിക്കാം. വ്യോമയാന മന്ത്രാലയം ഇതുകൂടി പരിശോധിച്ചശേഷം ജൂണ്‍ 30-നു മുമ്പ് നിയമം പ്രാബല്യത്തിലാക്കാനാണു ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ആധാര്‍ കാര്‍ഡ് വിവരങ്ങളോ പാസ്‌പോര്‍ട്ട് നമ്പരോ ശേഖരിക്കും. വിലക്കേര്‍പ്പെടുത്തപ്പെട്ട യാത്രക്കാരന്‍ നിയമം ലംഘിച്ച് വിമാനങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിതെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
വ്യോമയാനസുരക്ഷ മുന്‍നിര്‍ത്തി പറക്കല്‍ വിലക്ക് പട്ടിക ഏര്‍പ്പെടുത്തുന്ന ആദ്യരാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടു മാത്രമേ ഇത്തരം നിയമമുള്ളൂ. എന്നാല്‍, എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ യാത്രാവിലക്ക് നീക്കിയതിനേക്കുറിച്ചുള്ള ചോദ്യത്തിന് ''എല്ലാ ഇന്ത്യക്കാരും ഗെയ്ക്ക്‌വാദല്ല'' എന്നായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിന്റെ മറുപടി.