ആലപ്പുഴ: കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗതമായി സ്വീകരിച്ചുവന്ന ഒരു ഭക്ഷണക്രമമുണ്ട്. ആ ഭക്ഷണ ക്രമം ആരോഗ്യദായകമാണെന്നും പോഷക സനമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.
പ്രശ്‌നത്തില്‍ പ്രത്യേക നിയമനിര്‍മാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. പ്രശ്‌നം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീലും പ്രതികരിച്ചു.