ഫലവര്‍ഗങ്ങള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. പോഷകസമ്പന്നമായ പഴങ്ങള്‍ ദിവസവും കഴിച്ചാല്‍ അതിന്റെ ഗുണം നിങ്ങളില്‍ പ്രതിഫലിക്കും എന്നതും ഉറപ്പാണ്. എന്നാല്‍ പാകം ആകുന്നതിനു മുന്‍പേ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണോ ?
വിളവു പാകത്തിനെത്തും മുന്‍പ് പഴങ്ങള്‍ പറിച്ചു കഴിക്കുന്നത് ആരോഗ്യത്തിന് അത്രകണ്ട് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പാകമാകാത്ത ഫലങ്ങൾ കഴിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയെന്നു നോക്കാം.
ദഹനപ്രശ്നം
പാകമാകും മുന്‍പ് പഴങ്ങള്‍ കഴിച്ചാല്‍ അവ വയറ്റില്‍ക്കിടന്നു ദഹിക്കാന്‍ സമയമെടുക്കും. ഇത് ചിലപ്പോള്‍ ദഹനപ്രക്രിയയെതന്നെ ബാധിക്കാം. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ വായിലെ ചര്‍മത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ ഉണ്ടാകാം. വയറ്റില്‍ ദഹനം നടക്കാതെ വരുമ്പോള്‍ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്നങ്ങളും തലപൊക്കും.
ടോക്സിന്‍സ്
പഴുക്കാത്ത പഴങ്ങളില്‍ ചെറിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് പഴുക്കാത്ത പൈനാപ്പിള്‍, പപ്പായ, തക്കാളി എന്നിവയില്‍ ചെറിയ വിഷാംശം ഉണ്ട്. ഗര്‍ഭിണികള്‍ പച്ച പപ്പായ കഴിക്കരുതെന്നു പറയുന്നതിന്റെ കാരണവും ഇതാണ്.
പല്ലിനു പ്രശ്നം
പഴുക്കാത്ത പഴങ്ങള്‍ നിങ്ങളുടെ പല്ലിനു അത്ര നല്ലതല്ല. പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ ഇതു കാരണമാകും. നന്നായി പഴുക്കാത്ത പഴങ്ങളിൽ ധാരാളം ആസിഡ് അടങ്ങിയിട്ടുണ്ടാകും. ഇതും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും.
തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം
ഇവയെല്ലാം ഇതിന്റെ അന്തരഫലം തന്നെ. ദഹനപ്രശ്നം ഉണ്ടാകുമ്പോള്‍ ചിലരില്‍ തലചുറ്റല്‍ അനുഭവപ്പെടും. മറ്റുചിലര്‍ക്ക് മലബന്ധം, ഛര്‍ദ്ദി എന്നിവയാകും ഉണ്ടാകുക. വയറ്റില്‍ അടിഞ്ഞു കൂടിയ ദഹിക്കാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ ശരീരം കണ്ടെത്തുന്ന വഴിയാണ് പലപ്പോഴും ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം. ചില അവസരത്തില്‍ ഇത്തരം പഴങ്ങളിലെ അമിതമായ ഫൈബര്‍ അംശം മലബന്ധം ഉണ്ടാക്കുകയും ചെയ്യാം.