പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒക്‌ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ് വിമാനക്കമ്പനികള്‍ക്കും വൈമാനികര്‍ക്കും പാകിസ്താന്‍ വ്യോമയാന അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതുമൂലം ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ട അവസ്ഥയിലാണ്. കൂടുതല്‍ ദൈര്‍ഘ്യമേറിയതും സുരക്ഷിതവുമായ മറ്റ് റൂട്ടുകള്‍ തേടേണ്ട അവസ്ഥയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെന്നും ഇതുമൂലം സര്‍വീസുകള്‍ വൈകാനുള്ള സാധ്യയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ പറഞ്ഞു. യുറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നി സ്ഥലങ്ങളിലേക്ക് പോകുവാനുള്ള പ്രധാന വ്യോമ ഇടനാഴിയാണ് പാകിസ്താന്‍.
കഴിഞ്ഞ തിങ്കളാഴ്ച ഇറക്കിയ നിര്‍ദ്ദേശത്തില്‍ വിമാനങ്ങള്‍ 33000 അടി ഉയരത്തില്‍ മാത്രമേ പറത്താന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദേശം. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് താഴ്ന്നു പറക്കുവാന്‍ ഇപ്പോള്‍ അനുവാദം കൊടുത്തിരിക്കുന്നത്.