സുപ്രീം കോടതി |
ഉത്തരവ് അനുസരിക്കാത്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ 25,000 രൂപ പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതി ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് പിഴ.
ഡല്‍ഹിയില്‍ പടര്‍ന്ന് പിടിച്ച ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയും തടയാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് സത്യേന്ദ്ര ജയിന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ജയിനിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പട്ടിക നല്‍കാതിരുന്നതാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്.
ജനങ്ങളിവിടെ മരിക്കുകയാണ്. വിവരം ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ പോലും വേണ്ട. കോടതി ചൂണ്ടിക്കാട്ടി.
രോഗപ്രതിരോധത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ലഫ്.ഗവര്‍ണര്‍ക്ക് ഫയല്‍ അയക്കാനാണ് ശ്രമിക്കുന്നതെന്ന് സത്യേന്ദ്ര ജയിന്‍ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുദ്രവെക്കാത്ത കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
മന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിങ്ങളെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ ആരാണെന്ന് വെളിപ്പെടുത്തണം. ഡല്‍ഹിയിലെ ജനങ്ങള്‍ ചിക്കന്‍ ഗുനിയയും ഡങ്കിയും മൂലം മരിക്കുകയാണ്. ജനങ്ങളോട് അത്തരത്തില്‍ പെരുമാറാനാകില്ല. കോടതി വ്യക്തമാക്കി.
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നതില്‍ കേന്ദ്രവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. തങ്ങള്‍ക്ക് അധികാരമില്ലെന്നും അധികാരം ആസ്വദിക്കുന്ന പ്രധാനമന്ത്രിയും ലഫ്. ഗവര്‍ണറും മറുപടി പറയട്ടെ എന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.