ഇസ്‌ലാമാബാദ് ∙ കറാച്ചിക്കും ലാഹോറിനും മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഭാഗിക നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ എട്ടു മുതൽ കറാച്ചിയിലെയും ലാഹോറിലെയും വ്യോമമേഖല 18 മണിക്കൂർ അടച്ചിടും. 13 ദിവസത്തേക്കാണ് ഈ നടപടിയെന്ന് പാക്കിസ്ഥാൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. പാക്ക് സൈനിക വിമാനങ്ങൾ പരിശീലനം നടത്തുന്നതുകൊണ്ടാണ് നിരോധനമെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇന്ത്യ-പാക്ക് ബന്ധം വഷളായ സാഹചര്യത്തിൽ പുതിയ നീക്കങ്ങൾ ഇന്ത്യയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്. രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ നിന്നു വളരെയടുത്താണ് കറാച്ചി. ലാഹോറാകട്ടെ ജമ്മു കശ്മീരിനോടും പഞ്ചാബിനോടും അടുത്തു കിടക്കുന്ന സ്ഥലവും. ഇന്ത്യയിൽ നിന്നുള്ള മിക്കവാറും വിമാനങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പാക്കിസ്ഥാനു മുകളിലൂടെയാണ് പറക്കുന്നത്. ഏറെ ചെലവുകുറഞ്ഞ ഒരു വ്യോമപാതയാണിത്.
എന്നാൽ, പുതിയ സാഹചര്യത്തിൽ ഈ മേഖലയിലെ യാത്രയ്ക്ക് മറ്റൊരു വഴി കാണേണ്ടിയിരിക്കുന്നു. ചൈനയുടെ വ്യോമാതിർത്തി വഴി മറ്റൊരു മാർഗമുണ്ടെങ്കിലും അഹമ്മദാബാദ് വഴി അറബിക്കടലിനു മുകളിലൂടെയുള്ള യാത്രയാണ് ഇന്ത്യ തിരഞ്ഞെടുക്കുകയെന്നാണ് കരുതുന്നത്.