ബ്രിട്ടനിലെ അപൂർവം ചില തൊഴിൽ മേഖലകളിൽ നിലവിലുള്ള പ്രഫഷണലുകളുടെയും വിദഗ്ധ തൊഴിലാളുകളുടെയും ഒഴിവ് നികത്തുന്നതിനു മാത്രമാകണം വിദേശ റിക്രൂട്ട്മെന്റ് തൊഴിൽ മേഖലയിലെ ഈ വിടവു നികത്താൻ ഉതകുന്നവരാണു തിരഞ്ഞെടുക്കപ്പെടുന്നതെന്നു കമ്പനികൾ ഉറപ്പുവരുത്തണം. ബ്രിട്ടീഷുകാർക്കു ചെയ്യാവുന്ന ജോലികൾ വിദേശികൾക്കു ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ നിർദേശിക്കുന്ന നിയന്ത്രണ നടപടികൾ പേരിനു മാത്രം പൂർത്തിയാക്കി വിദേശ റിക്രൂട്ട്മെന്റിനായി പോകരുതെന്നും ഇവിടെയുള്ളവർക്കു തന്നെ പരിശീലനം നൽകി ജോലി ലഭ്യത ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും ഹോം സെക്രട്ടറി നിർദേശിച്ചു.
നിലവാരമില്ലാത്ത സർവകലാശാലകൾ പലതും ഇപ്പോൾ ഏതു വിദ്യാർഥിക്കും എന്തെങ്കിലും കോഴ്സിനുചേർന്ന് ഇവിടെവന്നു പഠിക്കാവുന്ന സാഹചര്യമാണു സൃഷ്ടിക്കുന്നത്. പഠനത്തിനുശേഷം ഇവിടെ ജോലി ചെയ്യാമെന്ന പ്രതീക്ഷയാണു കുട്ടികളെ ഇങ്ങനെ വരാൻ പ്രേരിപ്പിക്കുന്നത്. കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും നിലവാരം ഉറപ്പുവരുത്തിയാകും ഭാവിയിൽ സ്റ്റുഡന്റ് വീസകൾക്ക് അനുമതി നൽകുക.
ഫ്രാൻസിലെ അതിർത്തി തുറമുഖ നഗരമായ കാലെയിലെ അഭയാർഥി ക്യാംപിൽ ബ്രിട്ടനിലേക്കു പ്രവേശനം കാത്തു കഴിയുന്ന അനാഥകുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സർക്കാരിനു നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ബ്രിട്ടനിൽ ബന്ധുക്കളോ മാതാപിതാക്കളോ ഉള്ള നാനൂറോളം കുഞ്ഞുങ്ങളാണു കാലെയിലെ ക്യാംപിൽ അലഞ്ഞുതിരിയുന്നത്.
ഡിസംബർ മുതൽ അനധികൃത കുടിയേറ്റക്കാർക്കു വീടു വാടകയ്ക്കു നൽകുന്നതും ജോലി നൽകുന്നതും ജയിൽശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കും.
ടാക്സി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനിമുതൽ എമിഗ്രേഷൻ പരിശോധനകൾ കൂടി പൂർത്തിയാക്കേണ്ടിവരും. അനധികൃത കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജോലിയാണു ടാക്സി സർവീസ്.
അനധികൃത കുടിയേറ്റക്കാർക്കു ബാങ്കിങ് സേവനങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അടുത്ത വർഷം മുതൽ ബാങ്കുകൾ പതിവായ പരിശോധനകൾ ആരംഭിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.
ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന നിയമ വിദഗ്ധരെയും അക്കൗണ്ടന്റുമാരെയും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയും സർക്കാർ പരിഗണനയിലുണ്ട്. അനധികൃത കുടിയേറ്റക്കാർക്കു ഹൗസിങ് ആനുകൂല്യങ്ങളും മറ്റും നൽകുന്നതു തടയാൻ പ്രാദേശിക ഭരണകൂടങ്ങൾക്കു നിർദേശം നൽകുമെന്നും അനധികൃത കുടിയേറ്റ നിയന്ത്രണത്തിനുള്ള മാർഗങ്ങൾ വിവരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.