ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ |
താനൂർ സ്വദേശി ലക്ഷ്മണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്നായിരുന്നു ആക്രമണം. പിടിയിലായ മൻസൂദിന്റെ വ്യാജൻ എന്നു കരുതുന്ന സമീർ അലിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടിൽ പോസ്റ്റുകൾ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. പോരാട്ടം തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നു വ്യക്തമാക്കുന്ന പോസ്റ്റിൽ മതപ്രബോധനങ്ങളും ഖിലാഫ മലയാളത്തിന്റെ പേജും കാണാം. തിരുനെൽവേലിയിൽ പിടിയിലായ സുബ്ഹാനിയുടെ മൊബൈൽ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഫോൺ തകരാറിലായതിനെ തുടർന്നു നന്നാക്കാനായി ഇയാൾ തൊടുപുഴയിലുള്ള ബന്ധുവിനു നൽകിയിരുന്നു. ഇത് എൻഐഎ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. തമിഴ്നാട്ടുകാരാണു സുബ്ഹാനിയുടെ മാതാപിതാക്കൾ.
ഇതേസമയം, അറസ്റ്റിലായവരിൽനിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചതായി കൊച്ചി റിപ്പോർട്ടിൽ പറയുന്നു. സി ഡാക്കിലെ സൈബർ ഫൊറൻസിക് വിദഗ്ധർ രണ്ടു ദിവസം കൊണ്ടു പരിശോധന പൂർത്തിയാക്കും. രഹസ്യവിവരങ്ങൾ കൈമാറാനുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. സമൂഹമാധ്യമങ്ങളിൽ പ്രതികൾ പ്രചരിപ്പിച്ച ദേശവിരുദ്ധ പോസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 12 ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത 10 പ്രതികളെയാണ് എൻഐഎ കണ്ടെത്താൻ ശ്രമിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ ആറു പേർക്കു പുറമെ എത്രപേരെ തിരിച്ചറിഞ്ഞതായി അന്വേഷകർ വെളിപ്പെടുത്തിയിട്ടില്ല. ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. കൊല്ലം സിവിൽ സ്റ്റേഷനിൽ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എൻഐഎ പരിശോധിക്കും. കൊല്ലം സ്ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്. പ്രതികൾ അക്രമിക്കാൻ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാർ, രണ്ടു രാഷ്ട്രീയ നേതാക്കൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇവരെ എങ്ങനെ എവിടെ വച്ചാണ് ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന വിവരം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. രണ്ടു പ്രതികളെ കൂടി ഇന്നു കോടതിയിൽ ഹാജരാക്കും.