തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു - SIMON PALATTY

  • തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

    തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു
    ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

    ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത്.


    കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് ഡൽഹി എയിംസിൽനിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാർഡ് ജോൺ ബീലിന്റെ നിർ‌ദേശമനുസരിച്ചായിരുന്നു ചികിത്സകൾ. എന്നാൽ വൈദ്യസംഘത്തിന്റെ പ്രയത്നങ്ങളും തമിഴ്മക്കളുടെ പ്രാർഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു.

    ഗവർണറും സംസ്ഥാന മന്ത്രിമാരും പാർട്ടി നേതാക്കളും മറ്റും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് ആയിരക്കണക്കിനു പാർട്ടി പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത പൊലീസ് വലയത്തിലാണ് ആശുപത്രി.

    മൈസൂരിലെ മണ്ഡ്യയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1948 ലാണ് ജയലളിത ജനിച്ചത്. അച്ഛൻ ജയരാമൻ ഒരു വക്കീലായിരുന്നു. അമ്മ വേദവതി. സഹോദരൻ ജയകുമാർ. ജയയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സാമ്പത്തികമായി തകർന്ന കുടുംബത്തെ രക്ഷിക്കാൻ അമ്മ വേദവതി ചെന്നൈയിലെത്തുകയും സന്ധ്യ എന്ന പേരിൽ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജയയ്ക്ക് ആദ്യം സിനിമയോടു വെറുപ്പായിരുന്നു. അഭിഭാഷകയാകാനായിരുന്നു ആഗ്രഹം.


    1961 ൽ കന്നഡ ചിത്രമായ ശ്രീശൈല മാഹാത്മ്യയിൽ ബാലതാരമായി അരങ്ങേറിയ ജയ പതിനാറാം വയസിൽ ചിന്നഡ ഗൊംബെ എന്ന കന്ന‍ഡ ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. ഇത് ഹിറ്റായതോടെ പഠനം നിലച്ചു. പിന്നെ സിനിമയായി ജീവിതം. 1965 ൽ വെൺനിറ ആടൈയിലൂടെ തമിഴിൽ അരങ്ങേറ്റം. പിന്നെയങ്ങോട്ട് തമിഴ്, തെലുഗു, കന്നഡ സിനിമകളുടെ പ്രധാന വിജയചേരുവയായി ജയലളിത. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. തിരക്കുള്ള താരയമായി മാറുന്നതിനിടെയാണ് അമ്മ മരിച്ചത്.

    1965 ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലാണ് ജയ ആദ്യമായി എംജിആറിനൊപ്പം അഭിനയിച്ചത്. പിന്നെ ആ ബന്ധം ദൃഢമായി. എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയാകുന്നതുവരെയെത്തി ആ അടുപ്പം. അതിനിടെ നടൻ ശോഭന്‍ബാബുവുമായി അടുപ്പത്തിലായെന്നും വാർത്തയുണ്ടായിരുന്നു.


    എംജിആറിന്റെ മരണശേഷമാണ് ജയ രാഷ്ട്രീയത്തിൽ സജീവമായത്. എഐഎഡിഎംകെയുടെ അനിഷേധ്യ നേതൃപദവിയിലെത്തിയ ജയയും രാഷ്ട്രീയ എതിരാളി ഡിഎംകെ നേതാവ് എം. കരുണാനിധിയുമായുള്ള രാഷ്ട്രീയ വൈരം പ്രസിദ്ധമാണ്. സഹോദരനോടോ മറ്റു ബന്ധുക്കളോടോ അടുപ്പം പുലർത്താതിരുന്ന ജയയുടെ മനസാക്ഷിസൂക്ഷിപ്പുകാരി തോലി ശശികലയായിരുന്നു. ആ അടുപ്പവും പല തവണ വിവാദമായിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയയായ ജയയ്ക്ക് മുഖ്യമന്ത്രിക്കസേര വിട്ടിറങ്ങേണ്ടിവന്നിരുന്നു. ജയിൽവാസവുമനുഭവിച്ചു. പക്ഷേ കുറ്റവിമുക്തയായി തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിപദമേറ്റെടുക്കയായിരുന്നു.

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346