ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയിട്ടുണ്ടെന്ന് ദുബായ് ഇമിഗ്രേഷന്‍ അറിയിച്ചു. 2016 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തിയത്. തിരുത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടും ആള്‍മാറാട്ടം നടത്തിയ 417 പേരെയും പിടികൂടിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വകുപ്പിനുകീഴിലുള്ള രേഖാ പരിശോധനാ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പാസ്‌പോര്‍ട്ടുകളിലെ വ്യാജന്മാരെ കണ്ടെത്തിയത്. വ്യാജ യാത്രാരേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെമാത്രം ദിനംപ്രതി 1,40,000-ത്തിലധികം യാത്രികരാണ് കടന്നുപോകുന്നത്. എക്‌സ്‌പോയ്ക്കായി എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെക്കൂടി മുന്നില്‍കണ്ടാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് രേഖാപരിശോധനാ വിഭാഗം തലവന്‍ അഖീല്‍ അഹമ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു. സുരക്ഷാസംവിധാനം ശക്തമാക്കുന്നതിനും യാത്രികരുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനും ഇത് സഹായകമാകും.
ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 1,700 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഞ്ചുമിനിറ്റ് കൊണ്ട് കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാനാകും. വല്ല സംശയവും തോന്നിയാല്‍ മേല്‍ ഘടകത്തിന് കൈമാറും. ഇവരാണ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തുക. ഓരോ രാജ്യവും തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ 19-ലധികം സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടാകും. ഇത് കണ്ടെത്തി യഥാര്‍ഥ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. യാത്രികരുടെ ശരീരിക ചലനങ്ങളില്‍ വരുന്ന മാറ്റം വരെ ഇവര്‍ നിരീക്ഷിക്കും. ഇത്തരത്തില്‍, സംശയം തോന്നിയവരില്‍ 66 ശതമാനവും വ്യാജ രേഖകളുമായി വന്നവരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.