ലോകത്തിന്റെ നെറുകയിലാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ കൃത്യതയോടും സൂഷ്മതയോടും ഭ്രമണ പഥത്തിലെത്തിച്ച ഇന്ത്യ വികസിത രാജ്യങ്ങളെയും കടത്തിവെട്ടി ഈ രംഗത്ത് മുന്നോട്ട് പോയിരിക്കുകയാണ്. ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ സ്വപ്ന തുല്യമായ പദ്ധതികള്‍ വേറെയുമുണ്ട്.
മാര്‍ച്ചിലും ഏപ്രിലിലും പുതിയ വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആര്‍.ഒ അടുത്ത വര്‍ഷം ചാന്ദ്രയാന്റെ രണ്ടാം പതിപ്പിനും കുതിപ്പേകും. ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ആസൂത്രണ ഘട്ടത്തിലാണ്. മാര്‍ച്ചില്‍ സാര്‍ക്ക് ഉപഗ്രഹവും ഏപ്രിലില്‍ ജി-സാറ്റ് 19-ഉമാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യങ്ങള്‍. ജിഎസ്എല്‍വി മാര്‍ക്ക് 2 ആണ് സാര്‍ക്ക് ഉപഗ്രഹം വിക്ഷേപിക്കാനുപയോഗിക്കുക. ജി സാറ്റിനെ മാര്‍ക്ക് 3യും ഭ്രമണപഥത്തിലെത്തിക്കും. വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജി സാറ്റ്.
ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെ രാജ്യം അതേരീതിയില്‍ത്തന്നെയാണ് മാനിക്കുന്നത്. ഇക്കുറി ബജറ്റില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കുള്ള വിഹിതത്തില്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. രാജ്യത്തിന് മറ്റു രാജ്യങ്ങള്‍ക്കിടെ യശസ്സും ഒപ്പം വിദേശനാണ്യവും നേടിത്തരുന്ന ഗവേഷകര്‍ക്ക് അതേ രീതിയിലുള്ള ആദരവാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
കുറഞ്ഞ ചെലവില്‍ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയ ഐ.എസ്.ആര്‍.ഒ മുമ്പുതന്നെ ലോകത്തിന്റെ കൈയടി നേടിയിരുന്നു. മംഗള്‍യാന്റെ വിജയത്തിന്റെ ചുവടുപിടിച്ച് ശുക്രനിലേക്കാണ് ഐ.എസ്.ആര്‍.ഒ അടുത്തതായി കണ്ണുവച്ചിട്ടുള്ളത്. ഇതിനൊപ്പം മംഗള്‍യാന്റെ രണ്ടാഘട്ടത്തിനും ഐ.എസ്.ആര്‍.ഒ തുടക്കമിട്ടിരിക്കുന്നു. 2021-22ഓടെ ഇത് യാഥാര്‍ഥ്യമാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.