മോഷണം നടത്തിക്കൊണ്ടിരിക്കെ അന്യസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആലപ്പുഴ കലവൂരിലാണ് സംഭവം. കള്ളന്‍വന്ന ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലീനറെ അറസ്റ്റുചെയ്തു.
കലവൂര്‍ കയര്‍ബോര്‍ഡിന് തെക്ക് പുത്തന്‍പറമ്പില്‍ രവീന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. ലോറി ഡ്രൈവറായ തമിഴ്‌നാട് വിരുദ്‌നഗര്‍ സ്വദേശി ഇരുപത്തേഴുകാരനായ ശങ്കറിനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
വീട്ടുകാരുടെ സമയോചിത ഇടപെടലാണ് ഇതിനുവഴിയൊരുക്കിയത്. കതകുപൊളിക്കുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഈ സമയം രവീന്ദ്രനും ഭാര്യ ഇന്ദിരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ പിറകിലെ വാതില്‍ മോഷ്ടാവ് കമ്പിവടി ഉപയോഗിച്ച് തകര്‍ത്തു.
ഇതിനുമുമ്പായി ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വളര്‍ത്തുനായയുടെ മുഖം ഷെഡ്ഡിലിട്ടിരുന്ന ചാക്കുപയോഗിച്ച് മൂടിക്കെട്ടി. ഊരിയ ഫ്യൂസ് മണ്ണില്‍ കുഴിച്ചിട്ടു. വീടിന്റെ മുന്‍വശത്തെ വയറിങ്ങുകളും ഇളക്കിമാറ്റി.
ശബ്ദംകേട്ട വീട്ടുകാര്‍ നോക്കുമ്പോള്‍ കള്ളന്‍ അലമാരയില്‍നിന്ന് പണമടങ്ങിയ പഴ്‌സ് എടുക്കുകയായിരുന്നു. ഉടന്‍ കിടപ്പുമുറി പൂട്ടിയശേഷം അവര്‍ പോലീസിനെ വിവരമറിയിച്ചു. ഫോണ്‍ കട്ടുചെയ്യാതെ, വീട്ടുകാരുടെ നിര്‍ദേശാനുസരണം പോലീസ് വീടുവളഞ്ഞു.
മോഷണത്തിനിടെ പോലീസിനെക്കണ്ട കള്ളന്‍ ഞെട്ടി. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിലൂടെ പോലീസ് ഇയാളെ കീഴടക്കി. സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തി കള്ളനെ മണ്ണഞ്ചേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്തപ്പോഴാണ് ലോറിയെയും ക്ലീനറെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.