സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്‌സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യ സഭ ബില്‍ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസ്സാക്കിയത്.
നിലവില്‍ മൂന്നു മാസമായി നല്‍കുന്ന പ്രസവാവധി ആറ് മാസമാക്കി കൊണ്ടുള്ളതാണ് ഒരു പ്രധാന ഭേദഗതി. ആദ്യത്തെ രണ്ട് പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അര്‍ഹതയുണ്ടാവൂ.
ആദ്യത്തെ രണ്ട് പ്രസവത്തിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ. അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങള്‍ ക്രഷ് സംവിധാനം തുടങ്ങണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുട്ടികളെ ജോലിക്കിടയില്‍ നാല് തവണ സന്ദര്‍ശിക്കാനും പാലു കൊടുക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തു നല്‍കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.