സംസ്ഥാനം കൃത്രിമ പെയ്യിക്കാന്‍ ഒരുങ്ങുന്നു. കടുത്ത വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴയുടെ സാധ്യതകള്‍ തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മേയ് പത്തിനകം സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനാണ് നീക്കം. ഇടുക്കി അണക്കെട്ടിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത വൃഷ്ടിപ്രദേശങ്ങളില്‍ ഐ.എസ്.ആര്‍.ഒയും പൂനെയിലെ ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്ററോളജിയും കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ഡോപ്ലര്‍ റഡാറുപയോഗിച്ച് മഴമേഘങ്ങളെ കണ്ടെത്തി ഫ്‌ലെയര്‍ എന്നറിയപ്പെടുന്ന ചെറുറോക്കറ്റുകളില്‍ രാസവസ്തുക്കള്‍ വിതറിയാവും കൃത്രിമമഴ പെയ്യിക്കുക. കെ.എസ്.ഇ.ബിയാണ് കൃത്രിമമഴയ്ക്കായി പണംമുടക്കുക.
പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന മഴമേഘങ്ങളെ രാസവസ്തുക്കളുപയോഗിച്ച് തണുപ്പിച്ച് മഴപെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. 12കിലോമീറ്റര്‍ അകലെയുള്ള മഴമേഘങ്ങളില്‍വരെ വിമാനത്തില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുന്നതിന് കോടികളുടെ ചെലവുണ്ട്. ഈ സാഹചര്യത്തില്‍ ശിവകാശിയിലെ പടക്കകമ്പനികള്‍ നിര്‍മ്മിക്കുന്ന മൂന്ന് കിലോമീറ്റര്‍ പരിധിയുള്ള ഫ്‌ലെയര്‍ എന്ന ചെറുറോക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലെയറിന്റെ അഗ്രഭാഗത്ത് രാസവസ്തുക്കള്‍ ഘടിപ്പിച്ച് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ താഴ്ന്നുപറക്കുന്ന മേഘങ്ങളില്‍ വിതറും. പത്തുമിനിറ്റിനകം മഴ പെയ്യും. 20തവണ ഫ്‌ലെയര്‍ഉപയോഗിക്കാന്‍ അഞ്ചുലക്ഷം രൂപയാണ് ചെലവ്.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കൃത്രിമമഴ പെയ്യിക്കാന്‍ 2015ല്‍ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും പരീക്ഷണങ്ങള്‍ക്കിടെ മഴപെയ്തു. അന്ന് ബാക്കിയായ പണമാണ് ഇപ്പോള്‍ ചെലവിടുന്നത്. ആന്ധ്രയിലും കര്‍ണാടകത്തിലും കൃത്രിമമഴ പെയ്യിച്ച ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്. ഇടുക്കിയിലെ മഴമേഘങ്ങളെ രണ്ടാഴ്ചയായി ഐ.എസ്.ആര്‍.ഒ നിരീക്ഷിക്കുകയാണ്. റഡാര്‍വിവരങ്ങള്‍ പൂനെയിലെ ഐ.ഐ.ടി.എമ്മിലേക്ക് അയയ്ക്കുന്നുണ്ട്. മഴമേഘങ്ങളാണോയെന്നും സാന്ദ്രത എത്രയാണെന്നുമുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ലഭിച്ചാലുടന്‍ കൃത്രിമമഴ പെയ്യിക്കാന്‍ റോക്കറ്റുകള്‍ അയച്ചുതുടങ്ങും.
കൃത്രിമമഴയ്ക്കായി സ്ഥിരം സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ശാസ്ത്രസാങ്കേതികവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനങ്ങളില്‍ രാസവസ്തുക്കള്‍വിതറി വിസ്തൃതിയേറിയ പ്രദേശത്ത് കൃത്രിമമഴപെയ്യിക്കുന്ന അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടുത്തി ആഗോളകരാര്‍ വിളിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
സില്‍വര്‍അയഡൈസ്, പൊട്ടാസ്യം അയഡൈഡ്, അമോണിയംനൈട്രേറ്റ്, കാല്‍സ്യംക്ലോറൈഡ് എന്നിവ വിതറി മഴമേഘങ്ങളെ തണുപ്പിച്ചാണ് കൃത്രിമമഴ പെയ്യിക്കുന്നത്. ജലകണികകള്‍ ഒന്നിച്ചുചേര്‍ന്ന് ഭാരംകൂടി മഴത്തുള്ളികളായി പെയ്യും.
400കിലോമീറ്റര്‍ പ്രദേശത്തെ മഴമേഘങ്ങള്‍ കണ്ടെത്താനുള്ള റഡാറും സാങ്കേതികവിദഗ്ദ്ധരും ഐ.എസ്.ആര്‍.ഒയുടേതാണ്. റോക്കറ്റ് ട്രാക്കിംഗിനും കാലാവസ്ഥാനിരീക്ഷണത്തിനുമായി രണ്ടുവര്‍ഷം മുന്‍പ്സ്ഥാപിച്ച റഡാറാണിത്. മഴമേഘങ്ങളെ കണ്ടെത്താന്‍ വിദേശകമ്പനികള്‍ പോര്‍ട്ടബിള്‍റഡാറുകള്‍ സ്ഥാപിക്കുന്നതാണ് കൃത്രിമമഴയ്ക്ക് ചെലവ് കൂട്ടുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ ഡോ.കെ.ശിവനാണ് റഡാര്‍സേവനം നല്‍കാന്‍ ഉത്തരവിട്ടത്.
വിദേശസാങ്കേതികവിദ്യയില്‍ 250ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമമഴ പെയ്യിക്കാന്‍ 30കോടി. 38,860 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിലുടനീളം കൃത്രിമമഴ പെയ്യിക്കാന്‍വേണ്ടത് 4500കോടി. മഹാരാഷ്ട്രയില്‍ മഴ പെയ്യിച്ചത് 28കോടി ചെലവിട്ട്. 2012ല്‍ മുംബയ് നഗരത്തില്‍ കൃത്രിമമഴയ്ക്ക് ചെലവ് ആറരക്കോടി