ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു.
ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു ലോകരക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം
വേദങ്ങളും ഉപനിഷത്തുകളും യേശുവിന്റെ അവതാര രഹസ്യത്തെ പറ്റി നിരവധി തെളിവുകള്‍ നല്കുന്നുണ്ട്. ദൈവം ഒരു കന്യകയില്‍ നിന്നും മനുഷ്യനായി അവതരിക്കുമെന്നും കറപുരളാത്ത ജീവിതം നയിക്കുകയും ഒടുവില്‍ മരണം വഴി തന്റെ ലക്ഷ്യം നിറവേറ്റുമെന്നും സാമവേദത്തില്‍ വ്യക്തമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്.
സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത് "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗ ദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത് " ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ് 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു. ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്ന് സാമവേദത്തിലെ ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.
സാമവേദത്തിന്റെ രണ്ടാം ഭാഗമായ തണ്ട്യ മഹാബ്രാഹ്മണത്തില്‍ (Thanddiya Maha Brahmanam) പരാമര്‍ശിക്കുന്നത് ഇങ്ങനെ:- "യജ്ഞൊവ ആപതേ, പ്രദാഃമണി ധര്‍മണി" അതായത് ബലികൊണ്ട് മാത്രമേ രക്ഷ സാധ്യമാവുകയുള്ളു എന്നും ബലിയര്‍പ്പണം നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്നും ഈ വേദവാക്യം വ്യക്തമാക്കുന്നു. ഇത്കൂടാതെ ആര്യന്മാര്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിന്ന ഒരു ജപമായിരിന്നു "അഹം യജ്ഞോസ്മി" (Aham Yagnosmi). ഇതിന്റെ അര്‍ത്ഥമിതാണ് 'പരിശുദ്ധരില്‍ പരിശുദ്ധനായ ദൈവം സ്വയം ബലിവസ്തുവാകാതെ നമ്മുക്ക് മോക്ഷം സാദ്ധ്യമല്ല' എന്നാണ്.
തണ്ട്യ മഹാഃബ്രാഹ്മണത്തില്‍ തന്നെ പ്രതിപാദിക്കുന്ന മറ്റൊരു ശ്ലോകമാണ് 'സര്‍വ്വപാപ പരിഹാരോ രക്തപ്രോക്ഷനഃ മാവാഷകം'. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കേള്‍വി, കാഴ്ച, ചിന്ത, പ്രവര്‍ത്തികള്‍, സ്വഭാവം തുടങ്ങിയവ വഴിയായി നാം ചെയ്യുന്ന പാപങ്ങളില്‍ നിന്നും മനുഷ്യന് മോചനം ലഭിക്കണമെങ്കില്‍, രക്തം ചിന്തപ്പെടേണ്ടത് അനിവാര്യമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശിലെ ബലിയെ സാധൂകരിക്കുന്ന വാക്യങ്ങളാണ് സാമവേദത്തിലുള്ളതെന്ന് നിസംശയം പറയാന്‍ നമ്മുക്ക് സാധിക്കും.
ബിസി 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട "ഭവിഷ്യ പുരാണത്തിലെ" (Bhavishaya Purana) 'ഭാരത കാണ്ഡ'(Bharath Khand) ത്തില്‍ 'പ്രതിസര്‍ഗ്ഗ്' (Pratisarg) എന്ന അദ്ധ്യായത്തില്‍ രക്ഷകന്റെ അവതാരത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്.
"യീശ് മൂര്ത്തി പ്രാപ്തഃ നിത്യ ശുദ്ധ ശിവകാരി, യീശ മശി ഈറ്റിചഃ മാം നമ പ്രതിഷ്ഠതം". അര്‍ഥമിതാണ്, "നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും, കരുണയുള്ളവനുമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. അവന്റെ പേരാണ് 'യീശാ മസ്സി' (യേശു ക്രിസ്തു)". ഭാരത കാണ്ഡത്തിലെ ഈ ഭാഗം ക്രിസ്തുവിനെ സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്.
പുരാണങ്ങളില്‍ ദൈവീക അവതാരമായ രക്ഷകനെ പ്രധാനമായും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, "ബല്‍വാന്‍ രാജ ഗൌരങ് ശ്വേഠഃ വസ്ത്രകം, പുരുഷ ശൂഭം, യീശ്പുത്ര, കുമാരി ഗര്‍ഭസംഭവം, സത്യാ വരാത പരഃയായനം എന്നിവയാണ്. വ്യക്തമാക്കി പറഞ്ഞാല്‍ തൂവെള്ള വസ്ത്രധാരിയും പാപരഹിതനും കുറ്റമറ്റവനുമായ പരിശുദ്ധ മനുഷ്യന്‍,ദൈവത്തിന്റെ പുത്രന്‍, കന്യകയില്‍ നിന്നും ജനിച്ചവന്‍,സത്യത്തിന്റെ പാതയിലൂടെ മാത്രം ചരിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്‍റെ വാച്യാര്‍ദ്ധം.
യേശുക്രിസ്തുവിന്റെ കുരിശിലെ ബലി
രക്ഷകനെ കുറിച്ചും അവിടുത്തെ ബലിയര്‍പ്പെണത്തെ പറ്റിയും ഭഗവത്ഗീതയില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത് എന്നു കൂടി നമ്മുക്ക് നോക്കാം.
"സഹായജ്ഞഃ പ്രജസൃഷ്ട്വാ പുരോവച പ്രജാപതിഹ് അനേന പ്രസവിശ്യദ്ധ്വം ഈശവ്വോസ്ട്വിഷ്ട കമദുഖ്” – അര്‍ത്ഥമിതാണ് "മനുഷ്യന്റെ സൃഷ്ടിക്കൊപ്പം ദൈവം ബലിയര്‍പ്പണവും സ്ഥാപിച്ചു, എന്നിട്ടവരോട് പറഞ്ഞു "ഇതുവഴി നിങ്ങളുടെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ നിറവേറുമാറാകട്ടെ."
യജ്ഞക്ഷപിതാകള്‍മാസഃ – “ബലിയാല്‍ ആരുടെയൊക്കെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടുവോ."
നയം ലോകോസ്ട്യായജ്ഞസ്വഃ കുടനയാഹ് കുരുസറ്റമ (Nayam lokostyayagnasvah kutanayah kurusattama)” – “അല്ലയോ, ശ്രേഷ്ടനായ ഗുരുവേ, ഇപ്പറഞ്ഞ ബലികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ഒരാള്‍ക്കും ഈ ലോകത്ത് സ്ഥാനമില്ല എന്നിരിക്കെ, അവന്‍ എങ്ങിനെ സ്വര്‍ഗ്ഗം പ്രാപിക്കും?" ദിവ്യബലിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന നിരവധി വാക്യങ്ങള്‍ ഭഗവത് ഗീതയില്‍ ഉണ്ടെന്ന് മുകളില്‍ നല്കിയിരിക്കുന്ന വാക്ക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കൂടാതെ മുണ്ടാകോപനിഷത്തില്‍ (Mundakopanishad) പറയുന്നതിങ്ങനെയാണ് "ബലിയര്‍പ്പിക്കുമ്പോള്‍ ബലിവസ്തു മരത്തോലുകള്‍ പോലെ നിശബ്ദമായിരിക്കും."(പ്ലവഃ ഹ്യേരെ അദൃദയജ്ഞരാപഃഹ്). ലോകത്തിന്‍റെ രക്ഷക്കായി ക്രൂശില്‍ മരണം ഏറ്റുവാങ്ങിയ യേശു വേദനകളെ നിശബ്ദതയോടെയാണ് സ്വീകരിച്ചത് എന്നു വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുണ്ടോകോപനിഷത്തില്‍ പറയുന്നത്.
ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ മറ്റൊരു രീതിയില്‍ വിവരിക്കുന്നുണ്ടെന്ന് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. വാക്യമിതാണ് "പ്ലവ എയെറ്റെ സൂറ യജ്ഞ അദൃധശെഃ ന സംശയഃ" – “ദൈവത്തിനുള്ള ബലിയര്‍പ്പണം മരത്തോലുകള്‍ക്ക് സമാനമാണ്; അവ നിശബ്ദമാണ് എന്ന കാര്യത്തില്‍ സംശയമില്ല".
'തണ്ട്യ മഹാ ബ്രാഹ്മണം (Tandya Maha Brahmanam) ത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു “ബലികൊണ്ട് മാത്രമേ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ഥ ബലിയുടെ നിഴല്‍ മാത്രമാണെന്നും സാക്ഷ്യപ്പെടുത്തുന്നു."(ശ്രുഃ യജ്ഞോത അവതി തസ്യചഃഹായ ക്രിയാതെ). ഇത് വലിയ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലികള്‍ അപൂര്‍ണ്ണമാണെന്നും (സാമവേദം എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പാണ്) യഥാര്‍ത്ഥ ബലിയര്‍പ്പണം ഇനിയും നടന്നിട്ടില്ലയെന്നും ഇത് മനസിലാക്കി തരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ബലിയിലൂടെ മാത്രമേ രക്ഷ പൂര്‍ത്തികരിക്കപ്പെടുകയുള്ളേന്നും ആ കാലഘട്ടങ്ങളില്‍ അര്‍പ്പിച്ച ബലികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് എടുത്തുകാണിക്കുന്നു.
ഋഗ്വേദത്തിലും ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിയ്ക്കും: ശ്രുഃ അത്മാദ ബലധാഹ് യാസ്യ ഛായാ മൃതം യാസ്യ മൃതുഹ് (Atmada baladah yasya chhaya-mrutam yasya mruatyuh) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, “അവന്റെ നിഴലും, മരണവും പൂന്തേന്‍ പോലെ ആയിരിക്കും, അവന്റെ നിഴലാലും മരണത്താലും നമുക്ക് ആത്മാവും, ബലവും ദാനമായി ലഭിച്ചു". യേശുവിന്‍റെ യാഗബലി വഴി ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളെയാണ് ഈ വാക്യം അവതരിപ്പിക്കുന്നത്.
മേല്പറഞ്ഞ ഹൈന്ദവ വേദവാക്യങ്ങളില്‍ നിന്ന് 'ബലികള്‍ അര്‍പ്പിക്കുന്നത് വഴി മോക്ഷം സാദ്ധ്യമല്ലയെന്നും, മറിച്ച് അവയെല്ലാം ഒരു മഹത്തായ ബലിയര്‍പ്പണത്തിന്റെ നിഴലുകളാണ്'എന്നും പ്രതിപാദിക്കുന്നു.' മുന്‍പേ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ പൂര്‍ത്തീകരണം വഴിയായി മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂയെന്നതാണ്.
സത്പാദ ബ്രാഹ്മണത്തില്‍ (Satpatha Brahmanam) "ഒരേ സമയം നശ്വരനും അനശ്വരനുമായ ദൈവം സ്വയമേ ഒരു ബലിയാണെന്നും അവന്‍ തന്നില്‍ മനുഷ്യത്വവും ദൈവത്വവും സ്വാംശീകരിച്ചിരിക്കുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാന്‍ സാധിക്കും. (തസ്യ പ്രജാപതിരാര്‍ദ്ദമേവ മര്‍ത്യമാസിദ്ധര്‍ദ്ധമൃതം).
കൂടാതെ സാമവേദത്തിലെ 'തണ്ട്യ മഹാ ബ്രാഹ്മണത്തില്‍ “ദൈവം തന്നെ തന്നെ ബലിവസ്തുവായി അര്‍പ്പിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.” എന്ന ഭാഗവും നമ്മുക്ക് കാണാന്‍ സാധിയ്ക്കും.
പുരുഷ സൂക്തത്തില്‍ (Purusha Sukta) നിന്നും തെളിവാകുന്നത് വലിയ ഒരു യഥാര്‍ത്ഥ്യമാണ്; ഈ ലോകത്തിന്റെ പരമാധികാരിയായ യേശു നശ്വരതയും അനശ്വരതയും ഒരുപോലെ കൂട്ടി ചേര്‍ത്ത് മനുഷ്യാവതാരമെടുക്കുകയും നമ്മുടെ പാപമോചനത്തിനായി സ്വയം ബലിമൃഗമായി മാറിയ, അവിടുന്ന് അര്‍പ്പിക്കപ്പെട്ട ബലിയാണ് യഥാര്‍ത്ഥ ബലി.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്
ബലിമൃഗത്തെ കുറിച്ച് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.
I. അത് കൊഴുപ്പില്ലാത്ത മുട്ടനാടായിരിക്കണം.
II. അതിന്റെ തലക്ക് ചുറ്റുമായി വള്ളികളും, മുള്ളുകളും കൊണ്ടുള്ള കിരീടം ധരിപ്പിച്ചിരിക്കണം.
III. ബലിമൃഗത്തെ ബലി സ്തൂപത്തില്‍ ബന്ധിച്ചിരിക്കണം.
IV. അതിന്റെ നാല് കാലുകളില്‍ രക്തം ചിന്തുന്നത് വരെ ആണികള്‍ തറക്കണം.
V. ആടിനെ പുതപ്പിച്ചിരിക്കുന്ന തുണി നാല് പുരോഹിതന്മാരും പുതക്കണം.
VI. ബലിയര്‍പ്പിക്കപ്പെടുന്ന ആടിന്റെ ഒരെല്ലുപോലും ഒടിയുവാന്‍ ഇടവരരുത്.
VII. ബലിയര്‍പ്പിക്കുന്ന ആടിനെ സോമരസം കുടിപ്പിച്ചിരിക്കണം.
VIII. ബലിക്ക് ശേഷം അത് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും.
IX. അതിന്റ മാംസം ഭക്ഷിക്കണം
മേല്പറഞ്ഞിരിക്കുന്ന വിവരങ്ങളില്‍ നിന്നും, യേശു ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ എല്ലാ സ്വഭാവസവിശേതകളും നമ്മുക്ക് കാണാന്‍ സാധിക്കും. യേശുവിന്‍റെ മനുഷ്യാവതാരവും അവിടുത്തെ മരണം വഴിയായി പാപികളുടെ രക്ഷയും, വ്യക്തമായി ഋഗ്ഗ്വേതത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു വലിയ ഒരു യാഥാര്‍ഥ്യമാണ്.
നമ്മുടെ രാജ്യത്തെ അവതാര ഐതിഹ്യങ്ങളിലും, ശാസ്ത്രങ്ങളിലും ഇപ്രകാരമുള്ള ബലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും കാണുവാന്‍ സാധിക്കുകയില്ല. അവയിലൊന്നും മനുഷ്യനായി അവതരിച്ച്, സ്വയം ബലിവസ്തുവായി തീര്‍ന്ന് പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കില്ല.
എന്നാല്‍, പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ തീരത്തുള്ള പലെസ്തീന്‍ എന്ന രാജ്യത്ത്, ലോകത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ നടുവില്‍ പരിശുദ്ധ കന്യകയുടെ ഗര്‍ഭത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു, ദൈവീക മനുഷ്യനെ കുറിച്ചുള്ള മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരണങ്ങളും പൂര്‍ത്തിയാക്കി കൊണ്ട് തന്നെ.
അതിനാലാണ് അവന്‍ ഒരുപോലെ ദൈവവും, മനുഷ്യനുമാണെന്ന് പറയുന്നത്. തുടക്കം മുതലേ തന്നെ യേശു, മനുഷ്യരുടെ പാപമോചനത്തിനായുള്ള തന്റെ മരണത്തെ കുറിച്ചും, മരണത്തിന് മേല്‍ വിജയം വരിച്ചുകൊണ്ടുള്ള തന്റെ പുനരുത്ഥാനത്തെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
തന്റെ പ്രബോധനങ്ങളെ വെറുക്കുന്നവരും, അവന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരുമായ ദുഷ്ടന്മാരുടെ കൈകളില്‍ തന്‍റെ ജീവന്‍ നല്കാന്‍ അവിടുന്ന് മടികാണിച്ചില്ല. യേശു വധിക്കപ്പെട്ട രീതി പരിശോധിച്ചാല്‍ പുരുഷ സൂക്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 'ബ്രഹ്മ' ദൈവത്തെ ബലിയര്‍പ്പിച്ചതിനു സമാനമാണെന്ന് കാണാന്‍ സാധിയ്ക്കും. ഋഗ്വേദത്തില്‍ ബലിമൃഗത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഈ ദൈവീക-മനുഷ്യനിലും താഴെ പറയുന്ന വിധം സമാനതപുലര്‍ത്തിയിരിക്കുന്നു :
I. അവന്‍ പാപരഹിതനായ ദൈവീക മനുഷ്യനായിരുന്നു (I Pet 2:22).
II. അവന്റെ തലയില്‍ മുള്‍ക്കിരീടം ധരിപ്പിക്കപ്പെട്ടു (I Pet 2:22).
III. അവന്‍ കുരിശില്‍ തറക്കപ്പെട്ടു (ബലി സ്തൂപം) (John 19:18).
IV. കുരിശില്‍ കൈകളിലും, കാലുകളിലും ആണികളാല്‍ തറക്കപ്പെട്ടു (Matt 27:35)
V. അവനെ കുരിശില്‍ തറച്ചവര്‍ അവന്റെ മേലങ്കി പങ്കിട്ടെടുത്തു (Matt 27:35).
VI. അവന്റെ ഒരെല്ലു പോലും ഒടിയുകയുണ്ടായില്ല (John 19:36).
VII. അവന് കുടിക്കുവാന്‍ കയ്പ് നീര്‍ നല്കി (സോമ രസം) (Matt 27:34).
VIII. അവന്‍ മരണത്തിനുമേല്‍ വിജയം വരിച്ചുകൊണ്ട് പിന്നീട് ഉത്‌ഥാനം ചെയ്തു (Matt 28:5-6).
IX. തന്റെ മരണത്തിനു മുന്‍പ്, അപ്പവും വീഞ്ഞും കൈകളില്‍ എടുത്ത് കൊണ്ട് ഇത് തന്റെ ശരീരവും, രക്തവുമാകുന്നുവെന്നും, ലോകത്തിന്റെ പാപമോചനത്തിനായി നിങ്ങളെല്ലാവരും തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുകയും, തന്റെ മാംസമാകുന്ന രക്തം പാനം ചെയ്യുകയും വേണമെന്ന് തന്റെ ശിക്ഷ്യന്മാരോട് ആവശ്യപ്പെടുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഒരു വിശുദ്ധ കൂദാശ സ്ഥാപിക്കുകയും, ലോകമുള്ളിടത്തോളം കാലം ഇത് തുടരുകയും വേണമെന്ന് പറഞ്ഞു. യേശുവിന്‍റെ ഈ ആഹ്വാനം പൂര്‍ണമായി അംഗീകരിച്ച് കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുദിനം 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബ്ബാനകൾ അര്‍പ്പിക്കപ്പെടുന്നു.
വേദങ്ങളും ഉപനിഷത്തുകളും യേശുക്രിസ്തു ലോക രക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഖുറാനും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാൻ ഖുറാനിൽ വെളിപ്പെടുത്തുന്ന ലോകരക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത് പ്രവാചക ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നല്ല്ലോ. ഈ വസ്തുതകളെല്ലാം ഒരേ ഒരു സത്യത്തിലേക്കാണ് മാനവകുലത്തെ നയിക്കുന്നത്- ക്രിസ്തു എന്ന സനാതന സത്യത്തിലേക്ക്.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള സത്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ (Cf: Acts 4:12, Rom 14:11).