ഇന്ത്യ – ചൈന സംഘർഷഭരിതം.. - SIMON PALATTY

  • ഇന്ത്യ – ചൈന സംഘർഷഭരിതം..

    News Report: Manorama. 

    ഇന്ത്യ – ചൈന അതിർത്തിയിലെ നാഥുല ചുരത്തിൽ എത്തുമ്പോൾ നട്ടുച്ച. എന്നിട്ടും, വാഹനത്തിൽനിന്നു പുറത്തേക്കിറങ്ങിയപ്പോൾ ശരീരം തണുത്തു വിറങ്ങലിച്ചു. ഡ്രൈവർ പ്രതാപ് തമാങ് അടുത്തു നിന്ന സൈനികനോടു ചോദിച്ചു: എത്രയാണു താപനില? ഉടനെത്തി മറുപടി: ‘കൂടിയ താപനില മൂന്നു ഡിഗ്രി, കുറഞ്ഞ താപനില ഒന്ന്!’

    സമുദ്രനിരപ്പിൽ നിന്ന് 14,425 അടി ഉയരത്തിലുള്ള നാഥുല ചുരത്തിലെ കൊടുംതണുപ്പിനൊപ്പം ഞങ്ങളെ വരവേറ്റത് അതിർത്തിയിലെ ചൂടാറാത്ത സംഘർഷങ്ങളാണ്. കഴിഞ്ഞമാസം ആദ്യം ഇന്ത്യയും ചൈനയും തമ്മിൽ ആരംഭിച്ച സംഘർഷത്തിന്റെ വീര്യം ഇവിടെ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്നു നാഥുലയിലേക്കുള്ള 54 കിലോമീറ്ററിലുടനീളം മലനിരകളിലൂടെ ഇന്ത്യയുടെ സൈനിക വാഹനവ്യൂഹം അണമുറിയാതെ അതിർത്തിയിലേക്കു നീങ്ങുന്നു.

    കച്ചമുറുക്കി ഇന്ത്യ

    അയൽരാജ്യത്തിന്റെ ഏതു സൈനിക നീക്കവും നേരിടാനുള്ള തയാറെടുപ്പുകൾ ഇന്ത്യ നടത്തുകയാണ്. നാഥുലയുടെ സുരക്ഷാ ചുമതലയുള്ള 17 മൗണ്ടൻ ഡിവിഷന്റെ (സൈനിക തലത്തിലെ വിളിപ്പേര് – ബ്ലാക് കാറ്റ്സ്) നേതൃത്വത്തിൽ മൂവായിരത്തോളം സൈനികരെ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നു. ഇതിനു പുറമെ, സിലിഗുഡി ആസ്ഥാനമായുള്ള 33 കോർ സൈനികർ, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.


    നാഥുലയിലേക്കു നീങ്ങുന്ന സൈനികർ.
    നാഥുലയിലേക്കുള്ള പാതയിൽ കഴിഞ്ഞദിവസം കിലോമീറ്ററുകളോളം മലയിടിഞ്ഞതു വകവയ്ക്കാതെയാണു സൈനികർ അതിർത്തിയിലേക്കു നീങ്ങുന്നത്. റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കണമെന്ന സിക്കിം സർക്കാരിന്റെ മുന്നറിയിപ്പു ഗൗനിക്കാതെയാണു ട്രക്കുകളിലുള്ള സൈനിക നീക്കം. ഏതു തടസ്സവും അതിജീവിച്ചു നാഥുലയിലെത്തുക എന്നതാണു തങ്ങൾക്കുള്ള നിർദേശമെന്ന് ഇവിടെ സേവനമനുഷ്ഠിക്കുന്ന മലയാളി സൈനികൻ മനോരമയോടു പറഞ്ഞു. അങ്ങോട്ടു യുദ്ധകാഹളം മുഴക്കില്ലെന്ന നയം പിന്തുടരുമ്പോഴും എന്തും നേരിടാൻ ഒരുക്കമാണെന്ന സന്ദേശം അതിർത്തിക്കപ്പുറത്തേക്ക് ഇന്ത്യ നൽകിക്കഴിഞ്ഞു.

    സൈനികർക്കു പുറമെ പത്തു ട്രക്കുകളിലായി കുതിരകളെയും കഴിഞ്ഞദിവസങ്ങളിൽ നാഥുലയിലെത്തിച്ചു. അതിർത്തിയിലെ ദുർഘട പാതയിലൂടെ നീങ്ങാനും സാമഗ്രികൾ കടത്താനുമാണു കുതിരകൾ. അപ്പുറത്തു ചൈനയും സൈനികശേഷി വർധിപ്പിച്ചതായാണ് ഇന്ത്യൻ സംഘത്തിന്റെ വിലയിരുത്തൽ. അതിർത്തിയിൽ ഹിമാലയൻ മലനിരകളിൽ കഴിഞ്ഞദിവസം യുദ്ധ ടാങ്കറുകൾ വിജയകരമായി പരീക്ഷിച്ച് ചൈന വമ്പു കാട്ടി.

    അതിർത്തിയിൽ സംഭവിച്ചത്

    നാഥുലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയും ഭൂട്ടാനും ചൈനയുടെ അധികാരപരിധിയിലുള്ള ടിബറ്റും സംഗമിക്കുന്ന ദോക് ലാ മേഖലയിലുണ്ടായ പ്രശ്നങ്ങളാണു നിലവിലെ സംഘർഷങ്ങൾക്കു വഴിവച്ചത്. (ദോക് ലാ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ഡോകാലാം എന്നു ഭൂട്ടാനും ഡോങ്‌ലാങ് എന്നു ചൈനയും വിളിക്കുന്നു)

    ഇന്ത്യയിൽനിന്നുള്ള തീർഥാടകർക്കു കൈലാസത്തിലേക്കു യാത്ര നിഷേധിച്ച് ചൈന വെല്ലുവിളിച്ചതോടെ സംഘർഷം വർധിച്ചു. 1962ലെ യുദ്ധശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയധികം നാൾ നീണ്ട സംഘർഷാവസ്ഥ ഇതാദ്യം.


    ദോക് ‍ലാ മേഖലയിൽ ചൈന 

    ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു. റോഡ് നിർമാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

    ഇതിനിടെ, ദേക് ലായ്ക്കു സമീപം ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സൈനികർ രണ്ടു ബങ്കറുകൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഏതാനും സൈനികർ തങ്ങളുടെ രാജ്യത്ത് അനധികൃതമായി കടന്നുവെന്ന പ്രത്യാരോപണവുമായി ചൈന രംഗത്തുവന്നതോടെ സംഘർഷം പാരമ്യത്തിലെത്തി.

    വിട്ടുകൊടുക്കാനാവില്ല ദോക് ലാ

    സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമാണു ദോക് ലാ. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും.

    ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെ. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.

    25 ലക്ഷത്തിന്റെ ചുംബി

    ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള നേർത്ത വിടവിൽ ചൈനയുടെ അധികാരപരിധിയിലുള്ള പ്രദേശമായ ചുംബി താഴ്‌വരയുടെ വില 25 ലക്ഷം രൂപ! 1908ൽ ബ്രിട്ടിഷുകാർ ഈ തുകയ്ക്കാണു താഴ്‌വരയുടെ അധികാരം ടിബറ്റിനു കൈമാറിയത്. ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരബന്ധം സുഗമമാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു ഈ കച്ചവടം. 1950ൽ ടിബറ്റിന്റെ അധികാരം ചൈന ഏറ്റെടുത്തതോടെ ചുംബി ചൈനയ്ക്കു കീഴിലായി. അന്നു വിട്ടുകൊടുത്ത ചുംബി ആണ് ഇന്ന് ഇന്ത്യയ്ക്കും ഭൂട്ടാനും ഏറ്റവുമധികം തലവേദന ഉയർത്തുന്നത്. ഇന്ത്യയെയും ഭൂട്ടാനെയും മുട്ടിനിൽക്കുന്ന താഴ്‌വരയുടെ കോണിലാണു ദോക് ലാ.

    കൊണ്ടും കൊടുത്തും

    1962ലെ യുദ്ധത്തിൽ തകർത്തെറിഞ്ഞ ചരിത്രം മറക്കരുതെന്നാണു കഴിഞ്ഞദിവസം ചൈന ഇന്ത്യയ്ക്കു നൽകിയ മുന്നറിയിപ്പ്. 1962ൽ നിന്നു പാഠം ഉൾക്കൊണ്ട ഇന്ത്യ 1967ൽ ഇരുരാജ്യങ്ങളും തമ്മിൽ നാഥുലയിലുണ്ടായ സംഘർഷത്തിൽ കണക്കുതീർത്തു. നാഥുലയിലേക്കുള്ള യാത്രയിൽ കാണുന്ന ബോർഡുകളിലൊന്നിൽ ഏതാനും ഇംഗ്ലിഷ് വാചകങ്ങളുടെ ചൈനീസ് പരിഭാഷ കുറിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘വീ ആർ ഗുഡ് ഫ്രണ്ട്സ്’ (നമ്മൾ നല്ല സുഹൃത്തുക്കളാണ്).

    അതിർത്തിയിലെ ഇന്ത്യ – ചൈന ബന്ധത്തെ ഇങ്ങനെ ചുരുക്കാം: ബോർഡിലെഴുതിയതെല്ലാം യാഥാർഥ്യമല്ല!

    കൊണ്ടും കൊടുത്തുമുള്ള ഇന്ത്യ – ചൈന സംഘർഷങ്ങളെക്കുറിച്ചു നാളെ.

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346