വിവാഹേതരം ലൈംഗികേതരം. - SIMON PALATTY

  • വിവാഹേതരം ലൈംഗികേതരം.


    ചില പ്രതികരണങ്ങള്‍ ചര്‍ച്ച അവസാനിക്കുന്നില്ല എന്ന തോന്നലാണുണ്ടാക്കിയത്. എത്ര ചര്‍ച്ച ചെയ്താലും എങ്ങുമെത്താത്ത ഒരു വിഷയമാണിത് എന്നു തോന്നുന്നു. കാരണം, എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നാല്‍ അറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു മുകളില്‍ കാല്‍പനികമായ ചില സംഗതികള്‍ വലിച്ചിട്ട് തങ്ങള്‍ പ്രത്യേക വ്യക്തികളാണെന്നു ഭാവിക്കുന്നവരാണ് കൂടുതലും.
    അതായത്, സോള്‍മേറ്റ് എന്ന പ്രതിഭാസം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല എന്ന നാട്യം. പരപുരുഷനു(പരസ്ത്രീ)യുമായുള്ള ആത്മബന്ധം ശരിക്കും ഉള്ളതാണെന്നും അത് ദിവ്യമാണെന്നും ഉള്ള വാദം വെള്ളം തൊടാതെ വിഴുങ്ങുകയാണെങ്കില്‍ പോലും ഇത്തരം ബന്ധങ്ങളെ പവിത്രമെന്നു വിശേഷിപ്പിക്കുന്ന ഇതിന്റെ ഇരകളൊഴികെ മറ്റുള്ളവരൊക്കെ ഇത് ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത പഴഞ്ചന്‍ ആളുകളാണെന്ന് സോള്‍മേറ്റ്സിമൊരു വിചാരമുണ്ട്, അതാണ് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത സംഗതി. എന്തിനാണ് ഈ നാട്യം ?
    ഏത് ബന്ധവും കാലത്തിന്റെ കണക്കെടുപ്പിനു വിധേയമാകുന്ന ഒരു ദിവസമുണ്ട്. അന്നറിയാം ഓരോരുത്തരും എവിടെ നില്‍ക്കുന്നു എന്ന്. അത്തരം ചില ദിവസങ്ങളിലാണ് ചില ഭാര്യമാര്‍ കാമുകനോടൊപ്പം ദിവ്യപ്രണയത്തിന് ഭര്‍ത്താവിനെ ബലിയര്‍പ്പിക്കുന്നത്. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന സ്ത്രീ നമ്മളെ സംബന്ധിച്ചിടത്തോളം നികൃഷ്ടയായ ഒരു കൊലപ്പുള്ളിയായിരിക്കും. എന്നാല്‍ എന്താണ് അവരുടെ സ്ഥിതി ? തീര്‍ത്തും പവിത്രമായ, ദൈവികമായ ലക്ഷ്യത്തിനു വേണ്ടി, ദിവ്യപ്രണയത്തിന്റെ സാക്ഷാത്കാരതിനു വേണ്ടി ബോധപൂര്‍വമെങ്കിലും ഏറെ വേദനയോടെയാവും അവര്‍ ആ കൊലപാതകം ചെയ്തിട്ടുണ്ടാവുക.
    വിവാഹദിവസവും ആദ്യരാത്രിയും ആദ്യത്തെ കുഞ്ഞുണ്ടായ ദിവസവും അങ്ങനെ ഒരിക്കലും മറക്കാനാവാത്ത തന്റേത് മാത്രമായ അനേകം ഓര്‍മകള്‍ ആ കൊലപാതകത്തിനു മുമ്പും ആ സ്ത്രീയുടെ മനസ്സിലൂടെ കടന്നുപോവും. എന്നിട്ടും അവര്‍ അത് ചെയ്യാന്‍ തയ്യാറാവുന്നത് എന്തിനു വേണ്ടിയാണ് ? മറ്റൊരു പുരുഷനില്‍ നിന്ന് കിട്ടുന്ന എന്തൊക്കെയോ സംഗതികള്‍ക്കു വേണ്ടി ?
    എനിക്കു തോന്നുന്നില്ല. അത്തരത്തില്‍ ഭര്‍ത്താവിനെ കൊല ചെയ്യുന്നതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലേ, അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്നൊക്കെ തോന്നാം. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ കൊല ചെയ്യുന്നത് ഒരു സാധാരണസംഭവമായിക്കഴിഞ്ഞാല്‍ പിന്നെ അത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. താളപ്പിഴകളുള്ള ജീവിതത്തില്‍ നിന്ന് രക്ഷ നേടാനുള്ള ആഗ്രഹം സ്ത്രീയ്ക്കും പുരുഷനും ഒരു പോലെയാണ്.
    ചിലര്‍ ആഗ്രഹം വച്ചു പുലര്‍ത്തിക്കൊണ്ട് തന്നെ, പക്ഷെ, രക്ഷപെടാന്‍ ശ്രമിക്കാതെ ഭീതിയും ആശങ്കകളും തിന്ന് ജീവിതം ജീവിച്ചു തീര്‍ക്കും. മറ്റ് ചിലരാണ് ഉള്ള ജീവിതം ഇനിയും തടവിലിടുന്നത് ബുദ്ധിയല്ല എന്നു കരുതി അതില്‍ നിന്നു പുറത്തു കടക്കാന്‍, ഒരു പക്ഷേ, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്യ്രത്തിന്റെ, സ്നേഹത്തിന്റെ മേഖലകളിലേക്ക് രക്ഷപെടാന്‍ കൊലപാതകം ചെയ്യാന്‍ പോലും ചെയ്യാന്‍ മടിക്കാത്തത് .
    കൊലപാതകത്തിനു ശേഷം ഈ സ്ത്രീ പോകുന്നത് തീര്‍ച്ചയായും അവള്‍ ആഗ്രഹിച്ച സ്വര്‍ഗത്തിലേക്കായിരിക്കില്ല എന്നുറപ്പാണ്, എങ്കിലും കുറ്റബോധമില്ലാതെ അവള്‍ ജയിലിലേക്കു പോകുന്നു, ഭൂമിയില്‍ അവള്‍ക്കുള്ള എല്ലാവരെയും ശത്രുക്കളാക്കിക്കൊണ്ട്. എങ്ങനെ ഇതു സാധിക്കുന്നു ?
    മറ്റൊരുത്തന്റെ കൂടെപ്പോകാന്‍ വേണ്ടി നടത്തിയ കൊലപാതകം എന്നു വിശേഷിപ്പിക്കപ്പെടുമെങ്കിലും അത് തനിക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കാതെ പോയ, നേടാന്‍ കഴിയാതെ പോയ, എന്തിലേക്കോ ഉള്ള ചൂണ്ടുപലകയായി, കാലം അറിഞ്ഞോ അറിയാതെയോ തന്റെ പെണ്‍മനസ്സിനോടു ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതികാരമായി അവളെ ശേഷകാലം സ്വസ്ഥയാക്കിയേക്കാം.
    വിവാഹേതര ബന്ധങ്ങള്‍ അപകടകരമാവുന്നത് തങ്ങള്‍ക്കിടയില്‍ പ്രണയമാണ് എന്നു രണ്ടു പേരും തിരിച്ചറിയുകയോ സമ്മതിക്കുകയോ ചെയ്യമ്പോഴാണ്. പരസ്പരം സമ്മതിക്കുന്ന ഇക്കാര്യം സ്വന്തം ഭര്‍ത്താവിനോടോ ഭാര്യയോടോ കൂടി വെളിപ്പെടുത്താന്‍ സോള്‍മേറ്റുകള്‍ ധൈര്യം കാണിക്കാത്തതെന്തുകൊണ്ടാണ് ? അത് ഒളിപ്പിച്ചു വയ്ക്കുന്നത് തങ്ങള്‍ ചെയ്യന്നത് തെറ്റാണോ എന്നൊരു സംശയം ഉള്ളിന്റെ ഉള്ളില്‍ ഉള്ളതു കൊണ്ടല്ലേ ?
    ഭര്‍ത്താവിന് അദ്ദേഹത്തെ അറിയാം, അവര്‍ സംസാരിക്കാറുണ്ട്, ഒന്നിച്ച് മദ്യപിക്കാറുണ്ട് എന്ന് ചില സ്ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് നിലയ്ക്കാണ് ഭര്‍ത്താവിന് നിങ്ങളുടെ സോള്‍മേറ്റിനെ അറിയാവുന്നത് ? സുഹൃത്തെന്ന നിലയില്‍ ? ഇത് എന്റെ ഭാര്യയുടെ സോള്‍മേറ്റാണ് എന്ന ബോധ്യത്തോടെ ഒരു ഭര്‍ത്താവും ഒരു പുരുഷന്റെയും സഹൃത്തായിരിക്കുമെന്നു തോന്നുന്നില്ല.
    വിവാഹേതര ബന്ധം എന്നു വിശേഷിപ്പിക്കമ്പോള്‍ അത് ലൈംഗികേതരം ആണ് എന്നു ചിലര്‍ പ്രത്യേകം എടുത്തു കാണിച്ച് അതിനെ പവിത്രമായി ചിത്രീകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നോക്കൂ, ലൈംഗികത ഇല്ലാതെ ഞാനൊരു പുരുഷനെ സ്നേഹിക്കുന്നു എന്നു പറയുന്നതില്‍ എന്തോ ഉണ്ട്. ഇത് രണ്ട് കാഴ്ചപ്പാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്ന്- ലൈംഗികത എന്നു പറയുന്നത് സ്ത്രീക്കും പുരുഷനുമിടയിലുള്ള കുറ്റകരമായ പ്രവണതയാണ്. രണ്ട്- ലൈംഗികമായി ബന്ധപ്പെടുന്നില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉള്ളത് എന്തു ബന്ധമാണെങ്കിലും ശരി, അത് പവിത്രമാണ്, ദൈവികമാണ്.
    എന്നാല്‍ ഈ രണ്ട് വാദങ്ങളും ശരിയല്ലെന്നു പറയുന്നു സാമൂഹിക-മനശാസ്ത്ര വിദഗ്ധര്‍. ലൈംഗികതയടെ കാര്യം പറയേണ്ടതില്ലല്ലോ. ലൈംഗികത ഇല്ലെങ്കില്‍ ഒരു ബന്ധം പവിത്രമാണ് എന്നു പറയുന്നത് പഴഞ്ചന്‍ ചിന്താഗതിയാണ്. മാനസികമായി എല്ലാത്തരത്തിലും എല്ലാം പങ്കുവച്ച രണ്ടുപേര്‍ക്കിടയില്‍ പിന്നെ ലൈംഗികത ഉണ്ടോ ഇല്ലയോ എന്നൊരന്വേഷണത്തിനു പോലും പ്രസക്തിയില്ലത്രേ.
    നിര്‍ണായകമായ സാഹചര്യത്തില്‍ തങ്ങളുടെ ബന്ധം ലൈംഗികേതരമാണെന്ന് ചൂണ്ടിക്കാണിക്കാറുണ്ട് ചിലര്‍. എന്നാല്‍ ഇടുങ്ങിയ ആ പാലം ഉപയോഗിച്ച് സോള്‍മേറ്റുകള്‍ തങ്ങളടെ ദാമ്പത്യം രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിക്കുന്നില്ല വിദഗ്ധര്‍.
    ലൈംഗികസ്വാതന്ത്യ്രമല്ല മറിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്യ്രമാണ് സോള്‍മേറ്റുകളെ ഉണ്ടാക്കുന്നത് എന്നൊരു നിരീക്ഷണം വളരെ പ്രസക്തമായി തോന്നുന്നു. ഓണ്‍ലൈന്‍ സ്വാതന്ത്യ്രവും സ്വകാര്യതയും വഴി ലഭിക്കുന്ന അയഥാര്‍ത്ഥമായ സ്വാതന്ത്യ്രത്തെയും കപടപ്രതിഭകളായ വ്യക്തിത്വങ്ങളെയും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് പറയാം.
    നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുന്ന, നിങ്ങളുടെ ഗുണവും ദോഷവും അറിയുന്ന ഒരാളെക്കാള്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആകമ്പോള്‍ മാത്രം ഓണ്‍ലൈന്‍ ആകുന്ന പരാതികളും പരിഭവങ്ങളും രോഗങ്ങളും വേദനകളും (ഉള്ളത് കാല്‍പനികത മുറ്റി നില്‍ക്കുന്ന ആത്മവേദനകളാണല്ലോ) ഇല്ലാത്ത നിങ്ങളെ നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന പോലെ മാത്രം മനസ്സിലാക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ആര്‍ഷകമായ കഥാപാത്രമാണ്. മിക്കവാറും ബന്ധങ്ങളിലും സോള്‍മേറ്റ്സില്‍ രണ്ടുപേരില്‍ ഒരാള്‍ക്ക് മറ്റെയാളോട് ആരാധനയാണ് എന്നതാണ് ഒരു വസ്തുത.
    ഓണ്‍ലൈന്‍ സ്വകാര്യത നല്ലതു തന്നെ. എന്നാല്‍ അതിന്റെ മായികമായ നിഗൂഢതയെയും കംപ്യൂട്ടര്‍ വിന്‍ഡോയിലൂടെ തുറന്നു കിട്ടുന്ന അതീവ വിശാലമായ ലോകത്തെയും ദുരുപയോഗിക്കുന്നില്ല എന്ന് എത്രപേര്‍ക്കു സമ്മതിക്കാന്‍ കഴിയും ?
    തന്റെ ഇന്‍ബോക്സില്‍ ഭര്‍ത്താവ് (ഭാര്യ) കാണരുതാത്ത മെയിലകള്‍ ഒന്നുമില്ല എന്ന് പറയാന്‍ (കൃത്യമായി ഡിലീറ്റ് ചെയ്തു സൂക്ഷിക്കുന്നവരുടെ കാര്യമല്ല) എത്ര ര്‍ക്കു കഴിയും ?
    അങ്ങനെയെങ്കില്‍ നിങ്ങളുടെ യൂസര്‍നെയിമും പാസ്വേര്‍ഡും ഭര്‍ത്താവിന് (ഭാര്യയ്ക്ക്) നല്‍കാന്‍ ധൈര്യമുണ്ടോ ? (സ്വകാര്യതയ്ക്കു വേണ്ടി രഹസ്യമായി പുതിയ ഐഡി സൃഷ്ടിക്കുന്ന, ഈ ഐഡി ഇടയ്ക്കിടെ ഐഡി മാറ്റിക്കൊണ്ടിരിക്കുന്നവരോടല്ല ചോദ്യം)
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346