18 മാസത്തിനുള്ളിൽ കമീഷൻ ചെയ്യാൻ തീരുമാനം
തിരുവനന്തപുരം: 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്) പദ്ധതിയുടെ പ്രാരംഭനടപടി ആരംഭിച്ചു. സെക്കൻഡിൽ 10 എം.ബി വേഗത ഉറപ്പാക്കണമെന്നതടക്കമുള്ള നിബന്ധനകളടങ്ങിയ സംരംഭത്തിന് ഭരണാനുമതിയായി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ വിശദ പരിശോധനകൾക്ക് ശേഷമാണ് ഭരണാനുമതി നൽകിയത്. ഇതിനായി സംസ്ഥാനത്ത് 40,000 കിലോമീറ്റർ ഫൈബർ നെറ്റ്വർക് ശൃംഖലയൊരുക്കും. കെ.എസ്.ഇ.ബി ശൃംഖലക്ക് സമാന്തരമായാകും ഒാപ്റ്റിക്കൽ ഫൈബർ ലൈൻ സ്ഥാപിക്കുക. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ടവറുകളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
1028.20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (കെ.എസ്.െഎ.ടി.െഎ.എൽ) നിർവഹണ ഏജൻസി. സേവന ദാതാക്കളെ മേഖല തിരിച്ച് ഇ-ടെൻഡറിലൂടെ കണ്ടെത്താനാണ് തീരുമാനം. തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇൻറർനെറ്റ് നൽകേണ്ടത് സേവന ദാതാക്കളാണ്. പദ്ധതി സുഗമമാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് ക്രമീകരണങ്ങളേർപ്പെടുത്താനാണ് തീരുമാനം. കെ-ഫോൺ ശൃംഖലയുടെ കാര്യക്ഷമത ഉറപ്പാക്കാൻ സംസ്ഥാനത്ത് 400 സബ്സ്റ്റേഷനുകളും (െനറ്റ്വർക് ഒാപറേറ്റിങ് സെൻറർ) സജ്ജമാക്കും. െക.എസ്.ഇ.ബിക്ക് നിലവിൽ 362 ഒാളം സബ്സ്റ്റേഷനുകളാണുള്ളത്.
ഇതിന് അനുബന്ധമായി സബ്സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ട്. വീടുകൾക്ക് പുറമേ സംസ്ഥാനത്തെ 30,000 സർക്കാർ ഒാഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിക്കാനും തീരുമാനമുണ്ട്. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് അവസാനം ചേരുന്ന കിഫ്ബി ബോർഡ് യോഗത്തിൽ അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികളാരംഭിക്കും.