ഗോഡ് വിൻ റോഷിൻ |
പാലക്കാട്: സംഗീത ലോകത്തെ അതുല്യ പ്രതിഭയായി ചരിത്ര നേട്ടവുമായി ഗോഡ് വിൻ റോഷിൻ ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റിക്കോർഡിനു ഉടമയായി.
മെയ് ഒന്നിന് രാവിലെ ആരംഭിച്ച സംഗീത യാത്ര മെയ് 5 ഇന്ന് ശനിയാഴ്ച രാത്രി 9 മണിക്ക് പതിനൊന്ന് വ്യത്യസ്ത വാദ്ധ്യോപകരണങ്ങൾ വായിച്ച് 111 മണിക്കൂർ തികച്ച് സംഗീത ലോകത്തെ ചരിത്ര ഏടുകളിൽ സ്വന്തം കൈയ്യൊപ്പു ചാർത്തി.
ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ
ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ ടോണി ചിറ്റേട്ടുകാലത്തിൽ നിന്നും റിക്കോർഡ് വിജയ പതക്കവും ചരിത്ര നേട്ടത്തിന്റെ സർട്ടിഫിക്കറ്റും ഗോഡ് വിൻ റോഷിൻ ഏറ്റുവാങ്ങി.
ക്രൈസ്തവ സംഗീത ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു പുതിയ ചരിത്രം കുറിക്കപ്പെട്ടതെന്ന് ജൂറിയംഗങ്ങൾ അഭിപ്രായപ്പെട്ടു.
തൃശൂർ പൂമല ഐ.പി.സി സഭാംഗമായ
ഗോഡ്‌വിൻ റോഷിൻ അഞ്ച് ദിവസങ്ങൾ കൊണ്ട് പതിനൊന്ന് വ്യത്യസ്ത സംഗീത ഉപകരണങ്ങൾ തുടർച്ചയായി വായിച്ചു കൊണ്ടാണ് ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡ്സ്- ൽ പേരു ചാർത്തിയത്.
പൂമല ജോഷിയുടെയും ഗ്ലോറിയുടെയും മകനായ ഗോഡ്‌വിൻ തന്റെ ചെറുപ്രായം മുതലേ ക്രൈസ്തവ സംഗീത ലോകത്തെ സജീവ സാന്നിധ്യമാണ്.
പി. വൈ.പി.എ യിലും സണ്ടേസ്കൂളിലും സ്ക്കൂൾ കലോത്സവങ്ങളിലും ജില്ല ,സംസ്ഥാന തലങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
തബലിസ്റ്റ്, കീബോർഡിസ്റ്റ് എന്നീ നിലകളിൽ പേരെടുത്ത ഈ കലാകാരൻ മറ്റു ഒട്ടനവധി സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം സംഗീത സംവിധായകനായും പ്രവർത്തിക്കുന്നു.
ക്രൈസ്തവ കൈരളിയ്ക്കും മലയാളികൾക്കു മുഴുവനും അഭിമാനമാകുന്ന ഈ നേട്ടം കൈവരിച്ച ഗോഡ് വിൻ റോഷി വളർന്നു വരുന്ന യുവകലാകാകാരന്മാരെ പരിശീലിപ്പിക്കുന്ന മ്യൂസിക് കഫെ എന്ന സംഗീത കളരിയുടെ ഡയറക്ടറാണ്.
നിലമ്പൂരിലെ ക്രിസ്ബ്രോസ് മിനിസ്ട്രീസും, മ്യൂസിക്ക് കഫേയും സംയുക്തമായാണ് ഗോഡ് വിന്റെ ചരിത്രനേട്ടത്തിന് വേദിയൊരുക്കിയത്.
ബെസ്റ്റ് ഓഫ് ഇന്ത്യയുടെ മറ്റൊരു റിക്കോഡറും ലീഡ് കോളേജിന്റെ ചെയർമാനുമായ ഡോ.തോമസ് കെ ജോർജ്, ക്രൈസ്തവ യുവജന പ്രവർത്തകരും പരിശീലകരുമായ ഗ്ലാഡ്റ്റോൺ ടി.ഡി നിലമ്പൂർ, എൽസ്റ്റോൺ, ജസ്റ്റിൻ എ ജോർജ്, അൻസൻ ഏലിയാസ്, ജയിൻ തോമസ് എന്നിവരടങ്ങിയ ടീമാണ് ഗോഡ് വിന്റെ ഈ നേട്ടത്തിനൊപ്പം രാപ്പകൽ സഹായികളായി ഉണ്ടായിരുന്നത്.
ഗോഡ് വിന്റെ
ചരിത്രനേട്ടത്തിനു സാക്ഷികളായി മാതാ പിതാക്കളും വിവിധ നേതൃനിരയിലുളളവരും പങ്കെടുത്തു.
സമാപന ദിവസം ഗുഡ് ന്യൂസ് വീക്കിലി കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി ചെവ്വൂക്കാരൻ, പ്രശസ്ത സംഗീതഞ്ജൻ സ്റ്റീഫൻ ദേവസിയുടെ പിതാവ് പി.കെ ദേവസി, ഗുഡ് ന്യൂസ് ഓൺലൈൻ ചീഫ് ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട്, പാസ്റ്റർ ജസ്റ്റിൻ രാജ് എന്നിവർ വേദിയിലെത്തി അനുമോദിച്ചു.