രമ്യ ഡബിള്‍ ബെല്ലടിച്ചു, പരിക്കേറ്റയാളുമായി കാഷ്വലാറ്റിയിലേക്ക് ഒരു ബസ് സര്‍വീസ്. - SIMON PALATTY

  • രമ്യ ഡബിള്‍ ബെല്ലടിച്ചു, പരിക്കേറ്റയാളുമായി കാഷ്വലാറ്റിയിലേക്ക് ഒരു ബസ് സര്‍വീസ്.

    കണ്ടക്ടർ രമ്യ ഡ്രൈവർ V K പ്രസന്നനും 

    കൊല്ലം: നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് വന്ന് സഡന്‍ ബ്രേക്കിട്ടു നിന്നപ്പോള്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസോ?
    കാലില്‍ നിന്ന് രക്തമൊലിക്കുന്ന നിലയില്‍ ഒരാളെ ഡ്രൈവറും വനിതാ കണ്ടക്ടറും സഹയാത്രക്കാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലേക്ക് താങ്ങിയെടുത്തപ്പോഴാണ് കാര്യമറിഞ്ഞത്. കൊട്ടിയത്തിനു സമീപം, ഹൈവേയില്‍ റോംഗ്‌സൈഡിലൂടെ പാഞ്ഞുവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച  ബസില്‍ തെറിച്ചുവീണ് പരിക്കേറ്റയാളുമായി, മുഴുവന്‍ യാത്രക്കാരും സഹിതം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്കു വന്നതായിരുന്നു ബസ്!
    പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ടാല്‍ ട്രിപ്പ് മുടങ്ങുമെന്ന ആശങ്കയൊന്നുമില്ലാതെ, മനോധൈര്യത്തോടെ എല്ലാറ്റിനും മുന്നില്‍ നിന്നത് മാവേലിക്കര ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ആര്‍.എസ്. രമ്യയാണ്. ബസിനുള്ളില്‍ തെറിച്ചു വീണ് കാലിലെ തള്ളവിരലിന്റെ നഖം ഊരിപ്പോയ യാത്രക്കാരന് കാഷ്വാലിറ്റിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിത്തീരും വരെ ഡ്രൈവര്‍ പ്രസന്നനും ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കാത്തുനിന്നു. ഒടുവില്‍, ആ യാത്രക്കാരനെയും കൊണ്ടുതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഡബില്‍ ബെല്ലടിക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി രമ്യയുണ്ടായിരുന്നു, ഫുട്‌ബോര്‍ഡില്‍.
    കൊല്ലത്തു നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടതായിരുന്നു മാവേലിക്കര ഡിപ്പോയിലെ RPC 623 നമ്പര്‍ ബസ്. കൊട്ടിയത്തിനു സമീപം എത്തിയപ്പോള്‍ ഓവര്‍സ്പീഡില്‍, റോംഗ് സൈഡ് കയറി ഒരു ഓട്ടോറിക്ഷ. ഓട്ടോയെ രക്ഷിക്കാന്‍ ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയേ ഡ്രൈവര്‍ പ്രസന്നന് വഴിയുണ്ടായിരുന്നുള്ളൂ. കൂട്ടനിലവിളികള്‍ക്കിടെ ബസിന്റെ പിന്‍ഭാഗത്തു നിന്ന് പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തില്‍ ആറ്റിങ്ങല്‍ സ്വദേശി ദേവരാജനാണ് ബസിനുള്ളില്‍ മധ്യഭാഗത്തോളം തെറിച്ച് മുട്ടിടിച്ച് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ദേവരാജന്റെ പെരുവിരലിന്റെ നഖം ഊരിപ്പോയിരുന്നു.
    ബഹളത്തിനിടയില്‍ മനസ്സാന്നിധ്യം കൈവിടാതെ, പരിക്കേറ്റ ദേവരാജനെ അതേ ബസില്‍ത്തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനമെടുത്തത് രമ്യയാണ്. കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പ്രസന്നന് ഒപ്പം യാത്രക്കാരും സഹകരിച്ചു. ട്രിപ്പ് മുടങ്ങുമോ, നടപടി ഉണ്ടാകുമോ എന്നൊന്നും ആ സമയത്ത് രമ്യ ആലോചിച്ചില്ല. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതു മാത്രമായിരുന്നു  മനസ്സില്‍. എട്ടു വര്‍ഷം മുമ്പാണ് പി.എസ്.സി നിയമനം വഴി ആര്‍.എസ്. രമ്യ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ആയത്. ഇക്കാലത്തിനിടെ ഡ്യൂട്ടിക്കിടെ രമ്യയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യം. അടിയന്തര ശുശ്രൂഷകള്‍ക്കു ശേഷം ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോള്‍, ഡ്രൈവര്‍ പ്രസന്നന്റെയും മുഴുവന്‍ യാത്രക്കാരുടെയും മുഖത്തുമുണ്ടായിരുന്നു, നന്മയുടെ വെളിച്ചമുള്ള ഒരു പുഞ്ചിരി.
    ------------------#########----------------------
    രാവിലത്തെ ട്രിപ്പിൽ ഇതേ ബസ്സിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോയ ഈ ബസ്സിൽ (RPC623) കൊട്ടിയത് നിന്നും കയറിയ യാത്രക്കാരുടെ കുട്ടിക്ക് സുഖമില്ലായിരുന്നു, അവർക്ക് എത്രയും വേഗം Tvm മെഡിക്കൽ കോളേജിൽ എത്തിയെ മതിയാകൂ, അസുഖത്തിന്റെ ഗൗരവം കണക്കിലെടുത്തു ലൈറ്റ് ഇട്ട് ഡ്രൈവർ പ്രസ്സനൻ ബസ് പറപ്പിച്ചു. പെട്ടന്ന് എത്തുവാൻ വേണ്ടി ഒരു വണ്ടി പിടിച്ചു അതിൽ വിടാം എന്ന് കണ്ടക്ടർ രമ്യ അവരോട് പറഞ്ഞു, സാമ്പത്തികം ഇല്ലാത്തതിനാൽ അവർ അത് നിരസിച്ചു പൈസ ഞങ്ങൾ നൽകാം എന്ന് ജീവനക്കാർ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല, റോഡിലെ തിരക്കും മറ്റും കണ്ട് കണ്ടക്ടർ രമ്യ സമയോചിതമായ ഇടപെടൽ നടത്തി കണിയാപുരം ഡിപ്പോയിലെ ഇൻസ്‌പെക്ടറെ അറിയിക്കുകയും തുടർന്ന് അവിടെ നിന്നും അവരെ 108 ആബുലൻസിൽ കയറ്റി വിടുകയും ചെയ്തു.
    മനുഷത്വപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ഡ്രൈവർ V K പ്രസന്നനും കണ്ടക്ടർ രമ്യക്കും ഒരായിരം അഭിനന്ദനങൾ.....❤

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346