വേര്‍പാടിന്റെ വേദന ഏതു സമയത്തും വരാം. - SIMON PALATTY

  • വേര്‍പാടിന്റെ വേദന ഏതു സമയത്തും വരാം.


    അലസവും അപക്വവുമായ സഞ്ചാരം. കണ്ടും കേട്ടും പറഞ്ഞും ജീവിതപുസ്തകത്തില്‍ തിന്മകളുടെ മാറാലകള്‍ മാറാപ്പുകെട്ടിയ കാലം. ഒട്ടും കരുതലോടെയല്ലാത്ത കാല്‍‌‌വെപ്പുകള്‍, വിചാരങ്ങള്‍.... ദീര്‍ഘനേരത്തെയാത്ര മനസ്സിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കണ്ണുകള്‍ വാടിക്കുനിഞ്ഞു. പൊടിപടലങ്ങള്‍ കൊണ്ട് അസ്വസ്ഥത! തണുത്ത തെളിജലം കൊണ്ടൊന്ന് കഴുകിത്തുടയ്ക്കാന്‍ ഹൃദയം കൊതിച്ചു. ശുദ്ധജലത്തിന്റെ തെളിമയിലൊന്ന് തണുക്കാന്‍ ഉള്ളുനിറയെ ആഗ്രഹിച്ചു. വരണ്ടുണങ്ങിയ മണ്ണും, മണ്ണില്‍ പതിഞ്ഞ വിത്തും പുതുമഴയെ കൊതിച്ചപോലെ!


    ജലബാഷ്പത്തിന്റെ സ്പര്‍ശമില്ലാതെ വിത്ത് മുളച്ചുയരില്ല. വറ്റിവരണ്ടുകിടന്ന മണ്ണില്‍ വിത്ത് അനക്കമില്ലാതെ കിടന്നു. ഒന്നുയര്‍ന്നു കാണാന്‍ അങ്ങേയറ്റം കൊതിച്ചു. ഇലച്ചാര്‍ത്തുകളെ ചുംബിച്ചുണര്‍ത്തുന്ന പുതുമഴയെ ആവോളം മോഹിച്ചു. നന്മയുടെ വിത്തൂകള്‍ മുളച്ചു പടരാന്‍ എന്നാണൊരു പുതുമഴ? കാലം കിനാവു കണ്ടു. തിന്മയുടെ വിഷക്കൂമ്പുകളെ അടിച്ചുലച്ച്, നല്ല പൂവുകള്‍ക്ക് വിടരാന്‍ ആകാശം കാണിക്കുന്ന പുതുമഴ! കനത്ത കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്ന്, തുറന്നുകിട്ടുന്ന ആകാശം കണ്ണുകൊതിച്ചു. മണ്ണൊന്നു കുതിരാന്‍, ഇലകള്‍ നനയാന്‍, മലരുകള്‍ വിടരാന്‍, വേരുകള്‍ പടരാന്‍, പൂവുകള്‍ നിറയാന്‍ ഒരു പുതുമഴ! വേഴാമ്പലുകള്‍ നിവര്‍ന്നുനിന്ന് ആകാശം നോക്കി. വെളുത്തുവിളറിയ ആകാശം ഉത്തരമില്ലാതെ കിടന്നു. ചെറിയ മേഘപടലങ്ങള്‍ പോലുമില്ലാതെ മാനം മടുപ്പിച്ചു. വേനല്‍ പോകാനൊരുങ്ങുകയാണ് വിട!


    കൂമ്പടഞ്ഞ ഇലച്ചാര്‍ത്തുകളില്‍ പുതുമഴയുടെ മൃദുചുംബനം! വേനല്‍ യാത്രചോദിച്ച വഴിയില്‍ ഒരു പുതുമഴസ്പര്‍ശം! ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ആത്മഹര്‍ഷത്തിന്റെ പുളകമാകുന്നു. ജലം കൊണ്ട മണ്ണിന്റെ മധുരമുള്ള മണം മനസ്സിനെയും കുളിരണിയിച്ചു. സെപ്തംബര്‍-ഒക്ടോബര്‍ പുതുമഴയുടെ നനവുള്ള വസന്തമായിരുന്നു... ശിശിര ഹേമന്തങ്ങളില്‍ നിറയാതെ പോയ ഓരോ കൊച്ചുകുഴികളേയും ആ പുതുമഴ നനവുള്ളതാക്കി. വറ്റിയമണ്ണില്‍ ഉറ്റിയ പുതുമഴ കുതിര്‍ന്നുപടര്‍ന്നു. പൂവുകള്‍ നിറഞ്ഞു...


    എത്ര വേഗമാണ് ആ പുതുമഴ ഓരോ വിത്തിനേയും വിടര്‍ത്തിയത്! എത്ര സുന്ദരമായാണ് ഓരോ മണ്ണും വിത്തുകള്‍ക്കായി വിണ്ടു കീറിയത്! ഉള്ളിലുറങ്ങിയ നന്മയുടെ വിത്തുകള്‍ ആ പുതുമഴയുടെ സാന്ത്വനസ്പര്‍ശനത്താല്‍ ഉണര്‍ന്നുയര്‍ന്നു. എത്ര പെട്ടെന്നാണ് ചുറ്റുപാടും മാറിയത്! മുമ്പു കാണാത്ത ആവേശം മുമ്പിലെങ്ങും നിറഞ്ഞു. നിഷ്ഠയുള്ള ജീവിതശീലങ്ങള്‍ എത്രയെളുപ്പമാണ് കൈവന്നത്! ഒരു പുതുമഴയുടെ സാധ്യതകള്‍ എത്ര ഏറെയാണ്. മാറ്റങ്ങളുടെ പുതുമഴയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂക്കാലം സമ്മാനിച്ച മഴക്കാലം. ഓരോ തളിരിലും പൂവും കായും നിറച്ച് ഒറ്റയുമ്മകൊണ്ട് മനസ്സിനെ മയില്പീലിയാക്കിയ മൃദുലമായ മഴസ്പര്‍ശം. നന്മയുടെ നീരൊഴുക്കിന് ചിറകെട്ടാനാകില്ല. അവ കുത്തിയൊഴുകി, വറ്റിക്കിടന്ന ഓരോ അതിരിലും ആ നനവെത്തി. എല്ലാം തുടുത്തു സുന്ദരമായി. ആത്മസൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം എവിടെയും!


    ആവര്‍ത്തിച്ച കൊച്ചുവര്‍ത്തമാനങ്ങളില്‍ പുതുമഴയോട് അടക്കം പറഞ്ഞപ്പോള്‍ ഹൃദയത്തിന് മുമ്പില്ലാത്ത പ്രകാശവും കരുത്തും കൈവന്നിരിക്കുന്നു. രാവുകള്‍ പകലിന്റെ സൌന്ദര്യം പടര്‍ത്തി. സാന്ത്വനത്തിന്റെ, സ്നേഹത്തലോടലുകളുടെ, എന്നുമൊപ്പമുണ്ടാകുമെന്ന ഉറപ്പിന്റെ പ്രകാശം കൊണ്ട് കൂരിരുട്ടിലും വെളിച്ചം പരന്നു. ഈ പുതുമഴ എന്റെ സ്വന്തമെന്ന ആത്മഹര്‍ഷം ശരറാന്തല്‍ പോലെ ഹൃദയഭിത്തിയില്‍ തൂക്കിയിട്ട്, എത്രയെളുപ്പത്തിലായിരുന്നു ആ കൂരിരുട്ടിലും നടന്നു നീങ്ങിയത്! സ്വന്തമെന്ന അഹങ്കാരം കൊണ്ട് കണ്ണുകാണാതെ, മറ്റൊന്നും നോക്കാതെ വിലക്കുകള്‍ ലംഘിച്ച് ഉറക്കെ പ്രഖ്യാപിച്ചു. ഇതാ എന്റെ പുതുമഴയെന്ന്! ഈ പുതുമഴയുടെ കുളിര്‍മപോലും മറ്റൊരാള്‍ ആസ്വദിക്കുന്നത് ഇഷ്ടമാകാതെ മനസ്സില്‍ കുശുമ്പ് നിറഞ്ഞു, പെയ്തു തോര്‍ന്നിട്ടും ആ സ്വാര്‍ത്ഥത വിട്ടുമാറുന്നില്ല!


    ഇന്ന്, വേര്‍പാടിന്റെ വേദന എത്രയെന്നറിയുന്നു.... ഏകാന്തതയുടെ നീറ്റല്‍ മനസ്സിനെ പുകയ്ക്കുന്നു... ഈ പുതുമഴ പാതി പെയ്തുതീരുകയാണ്! ഇലപ്പടര്‍കളില്‍ ഇളം കാറ്റ് തീരുന്നു. ഓരോ തുള്ളിയും നനച്ചുവളര്‍ത്തിയ നന്മയുടെ വിത്തുകള്‍ ഇനി മുളച്ചുയരുമോ? വാടിക്കരിയുമോ? ഈ പുതുമഴയെ ഇനിയും കാത്തിരിക്കുന്നു, നെഞ്ചു നിറയെ!
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346