കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9] - SIMON PALATTY

  • കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]


    പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ  അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.


    രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച ഒരു നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി.  ഇന്ത്യയുടെസ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.

    • ജീവിതരേഖ

    കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1920 ഒക്ടോബർ 27നാണ്‌ നാരായണൻ ജനിച്ചത്‌. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ്‌ സ്കൂൾ, വടകര സെന്റ് ജോൺസ്‌ സ്കൂൾ, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂൾ  എന്നിവിടങ്ങളിൽ പഠിച്ച്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ്‌ നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. വളരെ ദൂരം നടന്നിട്ടു വേണമായിരുന്നു നാരായണന് വിദ്യാലയത്തിൽ എത്തിച്ചേരുവാൻ. പലപ്പോഴും ഫീസുകൊടുക്കാൻ പണമില്ലാതെ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പുസ്തകം വാങ്ങുവാൻ പണം തികയില്ലായിരുന്നു, അപ്പോഴൊക്കെ സഹോദരനായിരുന്നു കെ.ആർ.നീലകണ്ഠൻ മറ്റു കുട്ടികളുടെ കയ്യിൽ നിന്നും പുസ്തകം കടം വാങ്ങി നാരായണനു കൊടുക്കുമായിരുന്നു. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയിൽ ധനികനായിരുന്നു ആ ബാലൻ.

    കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ച്‌ ശ്രദ്ധേയനായി. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിൽ. ഹരിജനായതുകൊണ്ടുമാത്രമാണ്‌ സി പി ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവിതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. തുടർ പഠനത്തിനായി മഹാരാജാവ്‌ 500 രൂപ വായ്പ അനുവദിച്ചു.

    • ഡൽഹി ജീവിതം

    1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ്‌ സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോർ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ഇക്കാലയളവിലാണ്‌ നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ  കണ്ടുമുട്ടിയത്‌. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി, നാരായണനെ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ  ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ നൽകി സഹായിച്ചു.



    • നയതന്ത്ര ഉദ്യോഗത്തിലേക്ക്‌

    ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ  സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്രു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി  എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു. 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്തോ-ചൈനാ യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോകുന്ന ആദ്യത്തെ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു നാരായണൻ. 1980ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കി.

    1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി. തന്റെ പൊതുജീവിതത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ച്ജെ.എൻ.യുവിലെ ജീവിതമാണെന്ന് പിന്നീട് നാരായണൻ പറയുകയുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നാരായണൻ ബി.ജെ.പി നേതാവ് വാജ്പേയിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി 1980-1984 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാരായണനെ വീണ്ടും വിദേശകാര്യവകുപ്പിലേക്ക് മടക്കി വിളിച്ചു. റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ഇന്ദിരാ ഗാന്ധി നടത്തിയ അമേരിക്കൻ സന്ദർശനം കെ.ആർ.നാരായണന്റെ നയതന്ത്രബന്ധങ്ങളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ-അമേരിക്ക ബന്ധം മോശമായിരുന്ന കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ സന്ദർശനം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യാ-അമേരിക്കാ നയതന്ത്രബന്ധം ഊഷ്മളമാക്കാൻ നാരായണൻ വഹിച്ച പങ്ക് ചെറുതല്ല.

    • സജീവ രാഷ്ട്രീയത്തിലേക്ക്‌

    അമേരിക്കയിൽ‍ നിന്നും തിരിച്ചെത്തിയ നാരായണനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായിരുന്നു.1984 ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് നാരായണൻ ആദ്യമായി മത്സരിച്ചത്. ഒറ്റപ്പാലം സംവരണമണ്ഡലത്തിൽ നിന്നായിരുന്നു നാരായണൻ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്.  സി.പി.ഐ.എമ്മിലെ എ.കെ.ബാലനെ  പരാജയപ്പെടുത്തി നാരായണൻ ലോക്സഭയിലെത്തി. പിന്നീട്‌ 1989, 1991  വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991 ലും സി.പി.ഐ.എമ്മിലെ ലെനിൻ രാജേന്ദ്രനെ ആണ് നാരായണൻ പരാജയപ്പെടുത്തിയത്.1991 ൽ രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ വിവിധ കാലയളവിലായി ആസൂത്രണം(1985), വിദേശകാര്യം(1985–86), ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും (1986–89) നാരായണൻ നിയുക്തനായി. പാർലമെന്റ് അംഗമായിരുന്ന കാലത്ത് പേറ്റന്റ് നിയമങ്ങൾ ശക്തമാക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ നാരായണൻ ശക്തമായി എതിർത്തിരുന്നു. 1991 ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നുവെങ്കിലും, നാരായണൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല.

    • ഉപരാഷ്ട്രപതി

    രാഷ്ട്രീയത്തിൽ ശോഭിച്ച നാരായണനെ കൂടുതൽ ഭാരിച്ച ചുമതലകൾ കാത്തിരുന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വി.പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാരായണന്റെ പേരു നിർദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ്‌ സിംഗ്‌ നാരായണനെ നിർദ്ദേശിച്ചത്‌. താമസിയാതെ അന്നത്തെ സർക്കാർ നയിച്ചിരുന്ന കോൺഗ്രസ്‌ പാർട്ടിയും ഈ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങി. ജനതാ ദളും, ഇടതുപക്ഷ കക്ഷികളും നാരായണന്റെ സ്ഥാനാർത്ഥിത്വത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവസാന ഘട്ടമായപ്പോൾ നാരായണന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ പ്രബലകക്ഷികൾ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ്‌ 21ന്‌ കെ. ആർ. നാരായണൻ ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

    മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് ബാബരി മസ്ജിദ്‌ സംഭവത്തെ നാരായണൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ ദുഖകരമായ സംഭവം എന്ന് ഓൾ ഇന്ത്യാ റേഡിയോക്ക്  അനുവദിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.


    • രാഷ്ട്രപതി

    1997 ജൂലൈ 17 ന് കെ.ആർ.നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രേഖപ്പെടുത്തിയ വോട്ടിന്റെ 95% നേടിയാണ് നാരായണൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ആകെയുള്ള എതിരാളി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂടിയായിരുന്ന ടി.എൻ.ശേഷൻ  ആയിരുന്നു. ശിവസേന മാത്രമാണ് ശേഷനെ പിന്തുണച്ചത്. നാരായണൻ ദളിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചതെന്ന ശേഷന്റെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു.


    • കാർഗിൽ യുദ്ധം

    പ്രധാന ലേഖനം: കാർഗിൽ യുദ്ധം
    1999 മെയ് മാസത്തിൽ പാകിസ്താൻ ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് അധിനിവേശ ശ്രമം നടത്തുകയുണ്ടായി. ഇന്ത്യൻ സൈന്യം ഇത് തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്ത് ഇടക്കാല കേന്ദ്രമന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നത്. വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ മന്ത്രിസഭ വരുന്നതുവരെ അധികാരത്തിൽ തുടരുകയായിരുന്നു. ഈ സമയത്ത് സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി നേരിട്ടാണ് മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ ചർച്ചചെയ്തിരുന്നത്. പുതുവർഷത്തിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ നാരായണൻ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരാഞ്ജലികളർപ്പിച്ചിരുന്നു.


    1. പ്രത്യേകതകൾ തിരുത്തുക
    • മലയാളിയായ ആദ്യ രാഷ്ട്രപതി.
    • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.
    • കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി.
    • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി.
    • തായ്ലന്റ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346