പ്രിയ സഹോദരാ, ദൈവം കൂട്ടി ചേർത്ത നിന്റെ തക്ക തുണയെ നീ സ്നേഹിക്കുന്നുണ്ടോ? പ്രിയ സഹോദരീ, ദൈവം കൂട്ടി ചേർത്ത നിന്റെ ഭർത്താവിന് നീ കീഴ്പ്പെടുന്നുണ്ടോ?
യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി. സ്ത്രീയെ നിർമ്മിക്കുമ്പോൾ ആദം നല്ല ഉറക്കമായിരുന്നു. ആദാമിന്റെ നിർദ്ദേശപ്രകാരവും ആലോചന പ്രകാരവുമല്ല ഹവ്വയെ സൃഷ്ടിച്ചത്. ആദ്യമായി തക്കതായ തുണയുടെ ആവശ്യകത ആദാമിനെ ബോദ്ധ്യപ്പെടുത്തി. അതേ തുടർന്ന് 'ഭാരം യഹോവയുടെ മേൽ ഇട്ടുകൊണ്ട്' ആദാം സുഖമായി ഉറങ്ങികൊൾവാൻ ദൈവം അനുവദിച്ചു. ഉറങ്ങിക്കിടന്നപ്പോൾ ഓപ്പറേഷൻ നടന്നതിനാൽ വേദനയില്ലായിരുന്നു.
സ്ത്രീയെ എടുത്തത് ആദാമിന്റെ പാർശ്വത്ത് നിന്നായിരുന്നു. പുരുഷൻ തന്റെ ഭാര്യയെ ശിരസ്സിൽ വഹിച്ചു നടക്കത്തക്കതുപോലെ ശിരസ്സിൽ നിന്നോ, പാദങ്ങളിൽ ചവിട്ടപ്പെടെണ്ടതിനു പാദത്തിൽ നിന്നോ അല്ല, പ്രത്യുത സംരക്ഷിക്കപ്പെടെണ്ടതിന് കയ്യുടെ കീഴിൽ നിന്നും സ്നേഹിക്കപ്പെടെണ്ടതിന് ഹൃദയത്തിന്റെ സമീപേ നിന്നും തുല്യമായി കരുതപ്പെടെണ്ടതിന് പാർശ്വത്തിൽ നിന്നും വാരിയെല്ലെടുത്ത് സ്ത്രീയെ നിർമ്മിച്ചു. അങ്ങനെ ഭൂമിയിലെ ആദ്യവിവാഹം യഹോവയായ ദൈവം ഏദനിൽ വച്ച് നടത്തി.
പ്രിയ ദൈവപൈതലേ, ദൈവം നിനക്ക് കൂട്ടായി തന്ന ഇണയെ, നീ എങ്ങനെയാണ് കരുതുന്നത്?