വൈറ്റമിൻ ഡി യഥാർഥത്തിൽ കോവിഡ് രോഗികളെ സഹായിക്കുമോ? പുതിയ പഠനങ്ങൾ പറയുന്നത് - SIMON PALATTY

  • വൈറ്റമിൻ ഡി യഥാർഥത്തിൽ കോവിഡ് രോഗികളെ സഹായിക്കുമോ? പുതിയ പഠനങ്ങൾ പറയുന്നത്

     

    കൊറോണക്കാലത്ത് പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളെ കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിരുന്നു. അവയിൽ പലതും ശുപാർശ ചെയ്ത ഒന്നാണ് കോവിഡിനെ തടുക്കാൻ വൈറ്റമിൻ ഡി യുടെ ഉപയോഗം. എന്നാൽ വൈറ്റമിൻ ഡി അത്തരത്തിൽ പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഒരുക്കുന്നില്ലെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ക്യുബെക്കിലുള്ള മക് ഗിൽ സർവകലാശാല നടത്തിയ ജനിതക പഠനം ആണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

    ഉയർന്ന വൈറ്റമിൻ ഡി തോതിന് ജനിതകപരമായിതന്നെ സാധ്യതയുള്ളവർക്ക് കോവിഡ് തീവ്രത കുറവായിരിക്കുമോ എന്നാണ് ഗവേഷകർ പരിശോധിച്ചത്. ഇതിനായി കോവിഡ് ബാധിതരായ 4134 പേരുടെയും കോവിഡ് ഇല്ലാത്ത 1284876 പേരുടെയും ജനിതക വകഭേദങ്ങൾ ഗവേഷകർ വിലയിരുത്തി.

    ജനിതകപരമായി തന്നെ ഉയർന്ന വൈറ്റമിൻ ഡി ശരീരത്തിൽ ഉള്ളവർക്ക് കോവിഡുമായി ബന്ധപ്പെട്ട് രോഗതീവ്രത കുറവൊന്നും കണ്ടെത്താനായില്ലെന്നും ഇവർക്ക് പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഇല്ലെന്നും ഗവേഷകർ പറയുന്നു. വൈറ്റമിൻ ഡി കൂടുതൽ കഴിക്കുന്നത് പൊതുജനങ്ങളുടെ കോവിഡ് പ്രതിരോധം മെച്ചപ്പെടുത്തുമെന്ന മുൻധാരണകളെ തിരുത്തുന്നതാണ് പഠനം.

    അതേസമയം പഠനത്തിന് ചില പരിമിതികൾ ഉണ്ടായിട്ടുണ്ടെന്ന് ഗവേഷകർ സമ്മതിക്കുന്നു. വൈറ്റമിൻ ഡി അഭാവം ശരീരത്തിലുള്ള വ്യക്തികളുടെ കാര്യം പഠനം പരിശോധിച്ചിട്ടില്ല. ഇത്തരത്തിൽ വൈറ്റമിൻ ഡി അഭാവം ഉള്ളവരിൽ അതടങ്ങിയ ഭക്ഷണവും മരുന്നുകളും കഴിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റം വരുമോ എന്നതും ഗവേഷകർ പഠന വിധേയമാക്കിയിട്ടില്ല. യൂറോപ്യൻ ജനവിഭാഗങ്ങൾക്കിടയിൽ മാത്രം നടത്തിയ പഠനം മറ്റ് ജനവിഭാഗങ്ങൾക്കിടയിൽ ശരിയാകുമോ എന്നറിയാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട്‌ കൂട്ടിച്ചേർത്തു. പിഎൽഒഎസ് മെഡിസിൻ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്

    സാവോപോളോ സർവകലാശാല നടത്തിയ മറ്റൊരു പഠനവും സമാനമായ ഫലം പുറത്തു വിട്ടിരുന്നു. ബ്രസീലിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 240 രോഗികൾക്ക് വൈറ്റമിൻ ഡി സപ്ലിമെന്റ് നൽകിയിട്ട് ഇത് അവരുടെ ആശുപത്രി വാസത്തിന്റെ ദൈർഘ്യമോ രോഗതീവ്രതയോ കുറയ്ക്കുന്നില്ലെന്ന് പഠനം കണ്ടെത്തി.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346