ഷൂട്ടൗട്ടില്‍ഡല്‍ഹി വീണു;ബ്ലാസ്റ്റേഴ്‌സ്-കൊൽക്കത്ത ഫെെനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഡൽഹിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ. രണ്ടാംപാദ സെമിയില്‍ ഷൂട്ടൗട്ടിൽ ഡൽഹിക്കെതിരെ 3-0ത്തിന് വിജയിച്ചാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ ഫെെനലിലേക്ക് രണ്ടാം തവണയും ടിക്കറ്റുറപ്പിച്ചത്.
നിശ്ചിത സമയത്ത് ഡല്‍ഹിക്ക് 2-1 ന്റെ ലീഡ് സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി 2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. ആവേശകരമായ ഷൂട്ടൗട്ടില്‍ മെലൂദ, പെലിസാരി, മെമോ എന്നിവർ ഡൽഹിയുടെ പൊനാല്‍റ്റി കിക്കുകള്‍ പാഴാക്കിയപ്പോള്‍ ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിനെ ഫെെനലിലെത്തിച്ചു. ഐഎസ്എല്‍ ആദ്യ സീസണിന്റെ തനിയാവര്‍ത്തനാമായി ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
21ാം മിനിറ്റിൽ മാഴ്സെലീന്യോയിലൂടെ ഡൽഹിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കാദിയോയുടെ ക്ലിയറൻസിൽ വന്ന പിഴവ് മുതലെടുത്ത് മാഴ്സെലീന്യോ ലക്ഷ്യം കാണുകയായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം ഡങ്കൻസ് നാസോൺ ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ സമ്മാനിച്ചു. ഒന്നാന്തരമൊരു സോളോ ഗോളിലൂടെയായാരുന്നു നാസോൺ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ റൂബൻ റോക്കയിലൂടെ ഡൽഹി മുന്നിലെത്തി. ഇതോടെ മത്സരം ഇരുപാദങ്ങളിലുമായി സമനിലയിലാകുകയും എക്സ്ട്രാ ടെെമിലേക്ക് നീങ്ങുകയുമായിരുന്നു.