ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതാന്‍ പോകുന്ന ഉപഗ്രഹദൗത്യം ഇന്ന്. ബുധനാഴ്ച രാവിലെ ഒന്‍പതിന് 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി സി - 37 ഇന്ത്യ വിക്ഷേപിക്കും. നാസ പോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐ.എസ്.ആര്‍.ഒ. ഏറ്റെടുത്തിരിക്കുന്നത്.
രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. സെക്കന്‍ഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹവും ഭ്രമണപഥത്തില്‍ വിന്യസിക്കുക. ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്‌ലൈറ്റുകളും ഒന്നിച്ചു വിക്ഷേപിക്കും. കഴിഞ്ഞവര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമേ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐ.എസ്.ആര്‍.ഒ. വിജയിച്ചു.
104 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1500 കിലോഗ്രാം വരുന്ന പേലോഡ് വിക്ഷേപണം വിജയിച്ചാല്‍ ഈ രംഗത്തെ വലിയശക്തിയായി ഇന്ത്യ മാറും. പി.എസ്.എല്‍.വി.-സി 37-ല്‍ വഹിക്കുന്നവയില്‍ നൂറെണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്. ഇതില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ് - 2, 30 കിലോ വീതമുള്ള ഐ.എന്‍.എസ്. 1-എ, ഐ.എന്‍.എസ്. 1-ബി എന്നിവയാണ് ഇവയ്‌ക്കൊപ്പം വിക്ഷേപിക്കുന്ന ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍. നേരത്തേ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 104 കടക്കുകയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിങ്കപ്പൂര്‍, ജര്‍മനി (8), യു.കെ. (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐ.എസ്.ആര്‍.ഒ. ആണ്. 2014-ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് ഇക്കാര്യത്തില്‍ നിലവിലുള്ള റെക്കോഡ്. നേരത്തേ, നാസ 29 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചാണ് ഐ.എസ്.ആര്‍.ഒ. കരുത്തു തെളിയിച്ചത്.