പച്ചയിൽ നിന്നും പർപ്പിളിലേക്കൊരു നിറം മാറ്റം...12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിറം മാറ്റത്തിന് മൂന്നാറും ലോകം മുഴുവനും ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. പ്രകൃതിയുടെ വിസ്മയമായി അടയാളപ്പെടുത്തിയിരിക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വസന്തോത്സവത്തിന് മൂന്നാർ
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നത്. കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് കൂട്ടത്തോടെ പൂവിടുക. പശ്ചിമഘട്ടത്തിൽ ചലവനങ്ങളും പുൽമേടുകളും ഇടകലർന്ന ആവാസ വ്യവസ്ഥയിലാണ് കുറിഞ്ഞി പൂവിടുക.
എന്നും പച്ച പുതച്ചു നിൽക്കുന്ന മൂന്നാർ 12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞിയുടെ വരവോടെ അടിമുടി മാറും. അതുവരെ പച്ചനിറത്തിൽ കണ്ടിരുന്ന മൂന്നാറിന്റെ നിറം മെല്ലെ ലാവൻഡറിലേക്ക് മാറും.
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു എന്നു കേട്ടിട്ട് ചാടി പുറപ്പെടാൻ വരട്ടെ. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളിലും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
കേരളത്തിനു പുറത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കുറിഞ്ഞി പൂക്കുന്നത്. തമിഴ്നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളും ഊട്ടി മുക്കൂർത്തി ദേശീയോദ്യാനവുമാണ് കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്. ഇതു കാണാനായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്.