വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഏതെങ്കിലും വൈറ്റമിനുകളുടെ അഭാവം ഗുരുതര രോഗങ്ങൾക്കു കാരണമാകും. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വൈറ്റമിനുകൾ ആവശ്യമായ അളവിൽ ശരീരത്തിനു ലഭിക്കേണ്ടതാണ്.
വൈറ്റമിൻ ഡി യുടെ അഭാവം
സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. എല്ലുകളെ ശക്തമാക്കാനും ക്ഷയവും പൊട്ടലും തടയാനും ശരീരത്തിന് ഇതു കൂടിയേ തീരൂ. വൈറ്റമിൻ ഡി യുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് രോഗം ഉണ്ടാക്കും. ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ എല്ലാ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ വെയിലു കൊണ്ടാൽ മതിയാകും. വൈറ്റമിൻ ഡി യുടെ അഭാവം ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നു നോക്കാം. ∙
എല്ലുകൾ – വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകളെ ഗുരുതരമായി ബാധിക്കും. എല്ലുകളെ നിർമിക്കാനും ആരോഗ്യമുള്ളതാക്കാനും ശരീരത്തിലെ കാത്സ്യത്തെ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിച്ചില്ലെങ്കിൽ അത് റിക്കറ്റ്സിനും ഓസ്റ്റിയോ പോറോസിസിനും കാരണമാകും. ∙
തലമുടി – വൈറ്റമിൻ ഡി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. മുടി കൊഴിച്ചിൽ മാത്രമല്ല കഷണ്ടിക്കും വിറ്റമിൻ ഡിയുടെ അഭാവം കാരണമാകും. ∙ ബ്ലഡ് ഷുഗർ – വൈറ്റമിൻ ഡി വളരെ കുറഞ്ഞാൽ ശരീരം ഇൻസുലിന്‍ റസിസ്റ്റന്റ് ആകും. ശരീരം ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് വൃക്കരോഗങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു. ∙
അണുബാധ– അണുബാധകളെയും അലർജികളെയും എല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നത് വൈറ്റമിൻ ഡി ആണ്. അതുകൊണ്ടുതന്നെ ഇതിന്റെ അഭാവം അലർജിക്കു കാരണമാകും.