ജെഎഫ്–17 യുദ്ധവിമാനങ്ങള്‍ |
അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ചൈനയും പാക്കിസ്താനും സംയുക്തമായി നിര്‍മ്മിച്ച ജെഎഫ്–17 യുദ്ധവിമാനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും തലവേദനയാകുന്നു. കളിപ്പാട്ടം തകർന്നു വീഴുന്നതു പോലെയുള്ള ചൈനീസ് വിമാനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പാക്ക് വ്യോമസേന തന്നെ ആരോപിച്ചിരുന്നു. നാലാം തലമുറയില്‍പെട്ട യുദ്ധവിമാനം നിർമിക്കുകയെന്ന ചൈനയുടേയും പാക്കിസ്ഥാന്റേയും സംയുക്ത ശ്രമമാണ് ജെഎഫ് 17ന്റെ പിറവിക്ക് കാരണമായത്. എന്നാല്‍ ഇരുരാജ്യങ്ങളുടേയും പ്രതീക്ഷക്കനുസരിച്ചുള്ള യുദ്ധവിമാനമാകാന്‍ ജെഎഫ് 17ന് സാധിച്ചില്ലെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എക്കാലത്തേയും പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ചൈന. അമ്പതുകളുടെ തുടക്കത്തില്‍ കമ്മ്യൂണിസത്തിനു എതിരായെന്ന പേരില്‍ അമേരിക്കയുമായി പാക്കിസ്ഥാന്‍ അടുത്തിരുന്നു. എന്നാല്‍ എഴുപതുകളുടെ തുടക്കം മുതല്‍ ചൈനയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം ദൃഡമായി മാറി. ഇന്ത്യയുമായുള്ള ബന്ധം വഷളായതോടെ ശത്രുവിന്റെ ശത്രു മിത്രമെന്ന മന്ത്രമാണ് പാക്കിസ്ഥാനെ ചൈനയുടെ അടുത്ത അനുയായിയാക്കി മാറ്റിയത്. ചൈനയാകട്ടെ ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ബന്ധത്തെ പ്രതിരോധിക്കാനുള്ള തന്ത്രമായാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തെ കാണുന്നത്.
പാക്കിസ്ഥാന്‍ ചൈനീസ് സംയുക്ത സംരംഭമായ ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ രൂപത്തിലും ഭാവത്തിലും വലിയ തോതില്‍ റഷ്യന്‍ യുദ്ധവിമാനമായ എസ്‌യു 27ല്‍ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്. എന്നാല്‍ പ്രഹര ശേഷിയുടെ കാര്യത്തില്‍ റഷ്യന്‍ യുദ്ധവിമാനത്തിന്റെ അടുത്തെത്തില്ലെന്നതാണ് പ്രധാന പോരായ്മ. തണ്ടര്‍ എന്ന് വിളിപ്പേരുള്ള ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമാണെങ്കിലും ചൈനീസ് സൈന്യം ഇവ വാങ്ങാന്‍ തയ്യാറായിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ ഇരട്ട നയം നടപ്പാക്കുന്നുവെന്ന സംശയത്തില്‍ അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞിരുന്നു. ഇതോടെ എഫ്–16 യുദ്ധവിമാനങ്ങളുടെ കൈമാറ്റം അമേരിക്ക തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ജെഎഫ്–17 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതേ ശ്രേണിയില്‍ പെട്ട യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുള്ള ജെഎഫ് 17ന്റെ പോരായ്മകളാണ് പാക്കിസ്ഥാനെ കുഴയ്ക്കുന്നത്.
28 മില്യണ്‍ ഡോളറാണ് ജെഎഫ് 17ന് കണക്കാക്കുന്ന വില. ഇത് എഫ് 16നെ അപേക്ഷിച്ച് പകുതിയേ വരൂ എങ്കിലും പ്രകടനത്തിന്റെയും ശേഷിയുടേയും കാര്യത്തില്‍ ജെഎഫ് 17 ഏറെ പിന്നിലാണ്. ഒരേസമയം രണ്ട് ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങുന്ന സംഹാര ശേഷിയും ആധുനികമല്ലാത്ത റഡാറും ജെഎഫ് 17ന്റെ ന്യൂനതയാണ്.